ചത്തപോത്തും കക്കൂസ് മാലിന്യവും നടുറോഡില്‍; സമീപവാസികള്‍ ദുരിതത്തില്‍

Webdunia
വെള്ളി, 3 ജൂണ്‍ 2016 (16:15 IST)
ദേശീയപാതയില്‍ ദേശം പറമ്പയം പാലത്തിനോട് ചേര്‍ന്ന പെരിയാറിന്റെ കൈവഴിയായ ചെങ്ങല്‍ത്തോട്ടില്‍ പോത്തുകളടക്കം ചത്ത ജീവികളെ തള്ളിയ നിലയില്‍ കണ്ടെത്തി‍. അതിനുപുറമേ ടണ്‍ കണക്കിന് കക്കൂസ് മാലിന്യമാണ് ടാങ്കര്‍ ലോറികളില്‍ കൊണ്ടുവന്ന് തോട്ടില്‍ തള്ളുന്നത്. ഇതിനു പുറമേ ജീവികളുടെ തലയും, ഉടലുമെല്ലാം ചീഞ്ഞ് ആ പ്രദേശത്താകെ ദുര്‍ഗന്ധം വമിക്കുകയാണ്. 
 
തമിഴ് നാട്ടില്‍നിന്ന് ലോറികളില്‍ കൊണ്ടുവരുമ്പോള്‍ കുടുക്ക് കഴുത്തില്‍ മുറുകിയും മറ്റും ചാകുന്ന പോത്തുകളെയാകാം തോട്ടില്‍ തള്ളുന്നതെന്നാണ് നിഗമനം. കൂടാതെ കശാപ്പ് ശാലകളില്‍ രോഗം പിടിപെട്ട് ചാകുന്ന മൃഗങ്ങളെയും ഇത്തരത്തില്‍ ഉപേക്ഷിക്കുന്നുണ്ടെന്ന സൂചനയുണ്ട്. മഴക്കാലം ആരംഭിച്ചതോടെ ഇത് മൂലം സാംക്രമിക രോഗങ്ങളടക്കം പടര്‍ന്ന് പിടിക്കാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്.
 
തോട്ടില്‍നിന്ന് ഏകദേശം ആറടിയോളം ഉയര്‍ച്ചയിലാണ് മാലിന്യം കുമിഞ്ഞ് കൂടി കിടക്കുന്നത്. പട്ടാപ്പകല്‍ റോഡരികിലും തോട്ടിലുമായി മാലിന്യം തള്ളുന്നതായും നാട്ടുകാര്‍ വ്യക്തമാക്കി. ചത്ത തെരുവ് നായ്ക്കള്‍, പൂച്ചകള്‍ അടക്കമുള്ള പല ജീവികളും മാലിന്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ തോട്ടിലെ വെള്ളമാണ് നീരുറവയായി പുതുവാശ്ശേരി, ദേശം, പറമ്പയം എന്നീ മേഖലകളിലെ കിണറുകളിലും മറ്റ് ജലസ്രോതസ്സുകളിലുമത്തെുന്നത്.
 
പഞ്ചായത്തിന്റേയും പൊലീസിന്റേയും ആരോഗ്യ വകുപ്പിന്റേയും അനാസ്ഥ മൂലമാണ് ഈ പ്രദേശങ്ങളില്‍ മാലിന്യം തള്ളാനുള്ള കാരണമെന്ന് വ്യാപകമായ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഈ പ്രശ്നത്തില്‍ ബന്ധപ്പെട്ടവരില്‍ നിന്നും ഒരു തരത്തിലുള്ള നടപടിയും ഉണ്ടാവാത്തതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാനും പരിസ്ഥിതി പ്രവര്‍ത്തകരടക്കം സംസ്ഥാന മനുഷ്യാവകാശ കമീഷനെ സമീപിക്കാനുമുള്ള നീക്കത്തിലാണ് ഇവിടുത്തെ ജനങ്ങള്‍‍.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 
Next Article