മന്ത്രിമാര്‍ക്കും ഘടകകക്ഷികള്‍ക്കുമെതിരെ കെ മുരളീധരന്‍ എംഎല്‍എ. ഘടകകക്ഷികളില്‍ നിന്നും ഖേദകരമായ അവസ്ഥയാണ് പലപ്പോഴും ഉണ്ടാകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഘടകകക്ഷികള്‍ക്ക് ചോറു വിളമ്പിയ ശേഷം പട്ടിണികിടക്കുന്ന രീതിയാണ് കോണ്‍ഗ്രസിന്റേതെന്ന് മുരളീധരന്‍ അഭിപ്രായപ്പെട്ടു. കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന 'പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍: അനിവാര്യതയും ആശങ്കയും‘ പഠന സിംപോസിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുരളീധരന്‍.
കോണ്‍ഗ്രസിന് ഉറപ്പായിരുന്ന സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് വിട്ടുനല്‍കിയതുകൊണ്ടും സാധ്യത മങ്ങിയ സീറ്റുകളില്‍ മല്‍സരിച്ചതുകൊണ്ടുമാണ് ഭൂരിപക്ഷം കുറഞ്ഞതെന്ന് മുരളീധരന്‍ പറഞ്ഞു. ചില മന്ത്രിമാര്‍ക്ക് പാസഞ്ചര്‍ ട്രെയിനിനേക്കാള്‍ വേഗം കുറവാണെന്നും സിനിമാതാരങ്ങള്‍ വിളക്കു കൊളുത്തുന്നിടത്ത് നോക്കി ചിരിച്ചു നില്‍ക്കാനല്ല ജനങ്ങള്‍ മന്ത്രിമാരെ ജയിപ്പിച്ചു വിടുന്നതെന്നും അദ്ദേഹം പറഞ്ഞു.