കൊച്ചി നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി പ്രതിയാകും. ഗൂഢാലോചനയില്‍ അപ്പുണ്ണി ഉള്‍പ്പെട്ടതിന് തെളിവുകള്‍ തങ്ങളുടെ പക്കല്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.
അതേസമയം കേസില്‍ നാദിര്‍ഷയെ നാളെ വീണ്ടും ചോദ്യം ചെയ്തേക്കും. നേരത്തെ ദിലീപിനൊപ്പം
നാദിർഷയേ പൊലീസ് ചോദ്യം ചെയ്തിരുന്നു. അതിലൂടെയാണ് പല നിർണായകമായ വിവരങ്ങളും പൊലീസ് ശേഖരിച്ചത്.
നടിയുടെ കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അപ്പുണ്ണിയും ഒളിവിൽ പോയിരുന്നു.അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടും അപ്പുണ്ണി ഹാജരായില്ല. അപ്പുണ്ണിയുടേതെന്ന് കരുതുന്ന അഞ്ച് മൊബൈല്‍ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
ഏലൂരിലെ അപ്പുണ്ണിയുടെ വീട്ടിലും പൊലീസ് എത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഗൂഢാലോചനയിൽ അപ്പുണ്ണിയുടെ പങ്കിനെക്കുറിച്ച് റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. കേസിലെ മുഖ്യ പ്രതിയായ
പൾസർ സുനിയുടെ സഹ തടവുകാരനായിരുന്ന വിഷ്ണു, തന്റെ സുഹൃത്തായ സംവിധായകൻ നാദിർഷായെയും മാനേജർ അപ്പുണ്ണിയെയും ഫോൺ ചെയ്തു ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചുവെന്ന് നടൻ ദിലീപ് ഡിജിപിക്ക് പരാതിനല്‍കിയിരുന്നു.
എന്നാല്‍ പിന്നീട് സുനില്‍ ദിലീപിന് എഴുതിയ കത്ത് പുറത്തായത് കേസിലെ വഴിതിരിവിന് കാരണമായിരുന്നു. ജയിലിലേക്ക് ഒളിച്ചു കടത്തിയ മൊബൈൽ ഫോണിലൂടെയും ജയിലിലെ ലാൻഡ് ഫോണിൽ നിന്നു സുനിൽ നാദിർഷായെയും അപ്പുണ്ണിയെയും വിളിച്ചതായും തിരിച്ചു ജയിലിലേക്ക് സുനിലിന് ഇവരുടെ വിളിയെത്തിയതായും ഫോൺ രേഖകളിൽ നിന്നു പൊലീസിനു വ്യക്തമായിട്ടുണ്ട്.