'ഗുരുക്കന്മാരില്‍ അമ്മയാണ് ശ്രേഷ്ഠ'; മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലും പ്രസംഗിച്ച് മോഡി

Webdunia
വ്യാഴം, 26 സെപ്‌റ്റംബര്‍ 2013 (14:38 IST)
PTI
PTI
ഗുരുക്കന്മാരില്‍ അമ്മയാണ് ശ്രേഷ്ഠയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. മാതാവും ഗുരുവും ദൈവമെന്നാണ് ഭാരത സംസ്കാരം പഠിപ്പിക്കുന്നത്. ഇവിടെ മാതാവും ഗുരുവും ഒന്നാണെന്ന് മോഡി ചൂണ്ടിക്കാട്ടി. മലയാളത്തില്‍ പ്രസംഗം ആരംഭിച്ച മോഡി പിന്നീട് ഹിന്ദിയിലും ഇംഗ്ലീഷിലും പ്രസംഗിച്ചു. ഇവിടെ വന്ന് അമ്മയെ കാണുവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞു കൊണ്ടായിരുന്നു മോഡി പ്രസംഗം ആരംഭിച്ചത്. അമൃതാനന്ദമയിയുടെ കാലത്ത് ജീവിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി. മുഖ്യമന്ത്രിയായല്ല, ഭക്തനായാണ് താന്‍ അമൃതാനന്ദമയിയുടെ അറുപതാം പിന്നാളാഘോഷത്തില്‍ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാതാ അമൃതാനന്ദമയി ലോകത്തിന്റെ അമൃതധാരയാണ്. ഒരുപാട് പിറന്നാളുകള്‍ നാം ആഘോഷിക്കാറുണ്ട്. ജീവിതത്തില്‍ സന്തോഷദിനങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ സമൂഹത്തിനു വേണ്ടിയുള്ള പിറന്നാളുകള്‍ അപൂര്‍വ്വമാണെന്ന് അദ്ദേഹം പറഞ്ഞു.

മനുഷ്യസേവനത്തിന് സര്‍ക്കാര്‍ ചെയ്യുന്നതാണ് അമ്മ ചെയ്യുന്നതെന്ന് നരേന്ദ്രമോഡി പറഞ്ഞു. ഈ പിറന്നാള്‍ ഇന്ത്യയുടെ നല്ല നാളെയ്ക്കുള്ള ശിലാസ്ഥാപനമാണ്. ഭാരതത്തിന്റെ ഭവ്യമായ ദൌത്യത്തിന്റെ പരമ്പരയുടെ ഭാഗമാണ് അമ്മ. ആദ്ധ്യാത്മികതയില്‍ മാത്രം ഒതുക്കി നിര്‍ത്തിയാലും അമ്മയുടെ പ്രാധാന്യം കുറയുന്നില്ലെന്നും നരേന്ദ്ര മോഡി ചൂണ്ടിക്കാട്ടി.