ഗര്‍ഭിണിയായ യുവതിയുടെ മരണം: കാമുകന്റെ പങ്ക് വ്യക്തമായി

ബുധന്‍, 27 മാര്‍ച്ച് 2013 (12:31 IST)
PRO
PRO
വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട ഗര്‍ഭിണിയായ കാമുകിയെ ചെക്ഡാമില്‍ മുക്കിക്കൊന്ന കേസില്‍ ക്രൈംബ്രാഞ്ച്‌ അറസ്റ്റു ചെയ്ത പ്രതികളെ സംഭവസ്ഥലത്തെത്തിച്ച്‌ തെളിവെടുത്തു. വീരലക്ഷ്മിയെ ചെക്ഡാമില്‍ മുക്കിക്കൊന്നതെങ്ങിനെയെന്ന്‌ ഇവര്‍ കാണിച്ചു കൊടുത്തു. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി ആളുകളാണ്‌ പ്രതികളെ കാണാനായി മുല്ലയാറില്‍ എത്തിയത്‌.

കുമളി മുല്ലയാര്‍ എസ്റ്റേറ്റ്‌ ലയത്തിലെ വീരലക്ഷ്മി (27) 2010 മാര്‍ച്ച്‌ 24നാണ്‌ കൊല്ലപ്പെട്ടത്‌. ഈ കേസിലെ പ്രതികളായ എരുമേലി ആമക്കുന്ന്‌ എക്കാട്ടില്‍ സന്തോഷ്‌ (38), മുല്ലയാര്‍ കൊല്ലംകുളം ലയത്തില്‍ താമസിക്കുന്ന വിജയ്‌(അരുണ്‍-20) എന്നിവരെയാണ്‌ തിങ്കളാഴ്ച ക്രൈംബ്രാഞ്ച്‌ അറസ്റ്റു ചെയ്തത്‌.

സംഭവ ദിവസം വൈകീട്ട്‌ പാല്‍വാങ്ങാനെന്നു പറഞ്ഞ്‌ വീട്ടില്‍ നിന്നിറങ്ങിയ വീരലക്ഷ്മിയുടെ മൃതദേഹം 2010 മാര്‍ച്ച്‌ 26ന്‌ മുല്ലയാറിലെ സ്വകാര്യ എസ്റ്റേറ്റിലെ ചെക്ഡാമില്‍ പൊങ്ങുകയായിരുന്നു. ആത്മഹത്യയെന്ന്‌ ലോക്കല്‍ പൊലിസ്‌ എഴുതിത്തള്ളിയ കേസ്‌ വീരലക്ഷ്മിയുടെ മാതാവ്‌ രാജേശ്വരി പരാതി നല്‍കിയതിനെ തുടര്‍ന്നാണ്‌ ക്രൈബ്രാഞ്ച്‌ ഏറ്റെടുത്തത്‌. കൊലപാതകത്തില്‍ സന്തോഷിനു മുഖ്യപങ്കുണ്ടെന്ന് ആദ്യഘട്ടത്തില്‍ തന്നെ ക്രൈംബ്രാഞ്ച്‌ കണ്ടെത്തിയിരുന്നു.

വിജയ്‌ ഉള്‍പ്പെടെയുള്ളവരെ ക്രൈംബ്രാഞ്ച്‌ പലതവണ ചോദ്യം ചെയ്തെങ്കിലും ഇവര്‍ കുറ്റം സമ്മതിച്ചിരുന്നില്ല. ഇതിനിടെ അറസ്റ്റുചെയ്യുമെന്ന ഘട്ടത്തില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച തങ്ങളെ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചുവെന്നാരോപിച്ച്‌ വിജയ്‌ ഉള്‍പ്പെടെ ഏതാനും ആളുകള്‍ കഴിഞ്ഞ മാര്‍ച്ചില്‍ ആശുപത്രിയില്‍ ചികിത്സ തേടി.

അടുത്തിടെ നടത്തിയ സ്വഭാവവിശകലന പഠനം, നുണപരിശോധന എന്നിവയിലൂടെ സന്തോഷിന്റെ പങ്ക്‌ കൂടുതല്‍ വ്യക്തമായി. പലതവണ ചോദ്യം ചെയ്തിട്ടും കുറ്റം സമ്മതിക്കാതിരുന്ന വിജയ്‌ കഴിഞ്ഞ ദിവസം കുറ്റം ഏറ്റുപറഞ്ഞിരുന്നു തുടര്‍ന്നാണ് അറസ്റ്റ്.

വെബ്ദുനിയ വായിക്കുക