സോളാര്‍ കേസില്‍ അറസ്റ്റിലായ സരിത എസ് നായരെ, അട്ടക്കുളങ്ങര സബ്‌ജയിലില്‍, മുന്‍മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പി എ പ്രദീപ് പോയി കണ്ടെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌ണന്‍. ഒരു സ്വകാര്യവാര്‍ത്ത ചാനലിനോടാണ് ഫെനി ഇക്കാര്യം വെളിപ്പെടുത്തിയത്.
സരിതയുടെ അമ്മയോടൊപ്പം വേഷം മാറിയാണ് ഗണേഷ് കുമാറിന്റെ പി എ സരിതയെ കാണാന്‍ ജയിലില്‍ എത്തിയത്. മൊഴിയില്‍ നിന്ന് ചില പേരുകള്‍ ഒഴിവാക്കണമെന്ന് പി എ സരിതയോട് ആവശ്യപ്പെട്ടു. അങ്ങനെ, 22 പേജ് ഉണ്ടായിരുന്ന മൊഴി നാലുപേജ് ആയി മാറിയെന്നും ഫെനി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
മജിസ്‌ട്രേറ്റ് കോടതിയില്‍ സരിത നല്‍കിയ രഹസ്യമൊഴി അട്ടിമറിക്കപ്പെട്ടതായും ഫെനി ബാലകൃഷ്‌ണന്‍ പറഞ്ഞു. സരിതയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്ന് മജ്‌സ്‌ട്രേറ്റ് എന്‍ വി രാജു പറഞ്ഞത് പച്ചക്കള്ളമാണ്. പല പ്രമുഖരുടെയും പേര് സരിത പറഞ്ഞിരുന്നെന്നും ഫെനി പറഞ്ഞു.
പി സി ജോര്‍ജ് അടക്കം പല നേതാക്കളും മൊഴിയിലുള്ള പേരുകള്‍ അന്വേഷിച്ച് തന്നെ വിളിച്ചിരുന്നെന്നും ഫെനി പറഞ്ഞു. കേസന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ കുടുതല്‍ വിവരങ്ങള്‍ താന്‍ വെളിപ്പെടുത്തുമെന്നും ഫെനി ബാലകൃഷ്ണന്‍ വ്യക്തമാക്കി.