കെ ബി ഗണേഷ്‌കുമാറിന്റെ മന്ത്രിസഭാ പുനഃപ്രവേശത്തില്‍ സിനിമാക്കാര്‍ അഭിപ്രായം പറയേണ്ടെന്ന് കെ മുരളീധരന്‍. എല്‍ഡിഎഫിന് വോട്ട് ചെയ്ത ശേഷം യുഡിഎഫിലെ മന്ത്രിയെ തീരുമാനിക്കാന്‍ സംവിധായകര്‍ ഉപദേശിക്കേണ്ടെന്നും മുരളീധരന്‍ പറഞ്ഞു. ഗണേഷിനെ വീണ്ടും മന്ത്രിയാക്കണമെന്ന് ഇന്നലെ ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ പരസ്യമായി ആവശ്യപ്പെട്ടതിനോടുള്ള പ്രതികരിക്കുകയായിരുന്നു മുരളീധരന്‍.
ഗണേഷിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് എന്തെങ്കിലും തീരുമാനമെടുക്കും മുന്‍പ് സര്‍ക്കാരും പാര്‍ട്ടിയും ഉള്‍പ്പെടുന്ന ഏകോപനസമിതി യോഗം വിളിക്കണമെന്ന് കെ മുരളീധരന്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടു. പാര്‍ട്ടി പ്രവര്‍ത്തകരായ തങ്ങളില്‍ കുറച്ചുപേര്‍ക്കും അഭിപ്രായം പറയാനുണ്ട്. തനിക്കും അഭിപ്രായമുണ്ട്. അത് പരസ്യമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.