ഭൂനികുതി സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടര്‍ന്ന് വില്ലേജ് ഓഫീസില്‍ തൂങ്ങി മരിച്ച കര്‍ഷകനോട് വില്ലേജ് അസിസ്റ്റൻറ് കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് കര്‍ഷകന്റെ ഭാര്യ മോളി. മകളുടെ വിവാഹാവശ്യത്തിനായി ഭൂമി വിൽക്കാനാണ് ജോയ് ശ്രമിച്ചിരുന്നത്. എന്നാൽ വില്ലേജ് അധികൃതർ നികുതി സ്വീകരിക്കാത്തതിനാൽ വിൽപ്പന സാധിച്ചിരുന്നില്ല. ഇതാണ് മരണത്തിന് കാരണമായതെന്ന് ഭാര്യ പറഞ്ഞു.
അതേസമയം മരണത്തിന് കാരണം റവന്യൂ ഉദ്യോഗസ്ഥരാണെന്ന് ജോയിയുടെ സഹോദരൻ ആരോപിച്ചു. ചെമ്പനോട സ്വദേശി കാവിൽപുരയിടത്തിൽ ജോയി എന്ന തോമസിനെയാണ് ചെമ്പനോട വില്ലേജ് ഓഫിസിന്റെ ഗ്രില്ലിൽ തൂങ്ങിമരിച്ച നിലയിൽ ബുധനാഴ്ച രാത്രി നാട്ടുകാർ കണ്ടെത്തിയത്.
കലക്ടറെത്താതെ മൃതദേഹം മാറ്റാൻ തയാറല്ലെന്ന നിലപാടിലാണ് നാട്ടുകാർ. എന്നാല്‍ അതേസമയം, സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കലക്ടറോട് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ ആവശ്യപ്പട്ടിട്ടുണ്ട്. കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്ന കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.