കോഴി വില വര്‍ധന: ഇറക്കുമതി ലോബിയുടെ ഗൂഢാലോചന

ബുധന്‍, 6 ഫെബ്രുവരി 2013 (17:30 IST)
PRO
കേരളത്തില്‍ കോഴിയിറച്ചിയുടെ വില വര്‍ധനയ്ക്കുകാരണം അന്യസംസ്ഥാനങ്ങളിലെ ഇറക്കുമതിലോബിയുടെ ഗൂഢാലോചന. കാരണമില്ലാതെയാണ് ഇറച്ചിക്കോഴി വില കുത്തനെ വര്‍ധിപ്പിച്ചത്. തമിഴ്നാടിനോടു ചേര്‍ന്നുള്ള പാലക്കാട് ജില്ലയിലെ സ്ഥലങ്ങളില്‍ ചൊവ്വാഴ്ച കിലോയ്ക്ക് 105 രൂപയാണ്. ദൂരജില്ലകളില്‍ ഇത് 180 രൂപയോളമായി.

തമിഴ്നാട് ആസ്ഥാനമായ ബ്രോയിലര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് കേരളത്തിലെ ഇറച്ചിക്കോഴിയുടെ വില നിശ്ചയിക്കുന്നത്. ഈ കമ്മിറ്റിയെ നിയന്ത്രിക്കുന്നതാകട്ടെ തമിഴ്നാടും കര്‍ണാടകയും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വന്‍കിട കോഴി ഉല്‍പ്പാദനകമ്പനികളും. ഇവരുടെ പ്രധാനവിപണി കേരളമാണ്. കേരളത്തിലെ കോഴിവിപണിയില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്ന ചെറുകിട ഉല്‍പ്പാദകരെ തകര്‍ത്ത് കുത്തക കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെയാണ് തമിഴ്നാട്- കര്‍ണാടക സംസ്ഥാനങ്ങളിലെ വന്‍കിടക്കാര്‍ കൃത്രിമക്ഷാമം സൃഷ്ടിക്കുന്നത്.

കേരളത്തിലെ കോഴി ഉല്‍പ്പാദകരും ചെറുകിട ഫാമുകളും തകര്‍ച്ചയിലാണ്. വിലക്കയറ്റം മൂലമുള്ള വില്‍പ്പനയിടിവുകൂടിയാവുന്നതോടെ ഭൂരിപക്ഷം ഫാമുകളും അടച്ചിടേണ്ടിവരും. തമിഴ്നാട്ടില്‍നിന്നുള്ള കോഴിക്കുഞ്ഞുങ്ങളുടെ വരവും കുറഞ്ഞു. കോഴിക്കുഞ്ഞുങ്ങള്‍ക്കും കൃത്രിമക്ഷാമം ഉണ്ടാക്കി. 12 മുതല്‍ 14രൂപ വരെയായിരുന്ന ഇറക്കുമതി കോഴിക്കുഞ്ഞുങ്ങളുടെ വില 40 രൂപവരെയായി. പക്ഷിപ്പനി പ്രചാരണവും മനഃപൂര്‍വമാണെന്ന് വ്യക്തമായി.

പക്ഷിപ്പനി പ്രചരിച്ചതോടെ തമിഴ്നാട്ടില്‍നിന്ന് വില കുറച്ചാണ് കോഴികളെ കേരളത്തിലെത്തിക്കുന്നത്. അതോടെ കേരള ഫാമുകളിലെ കോഴികളെയും വിലകുറച്ച് വില്‍ക്കാന്‍ നിര്‍ബന്ധിതരായി. ഇറച്ചിക്കോഴി ഇറക്കുമതിക്കുള്ള നികുതി കുറയ്ക്കണമെന്ന കുത്തകകളുടെ ആവശ്യവും ഇതിനു പിന്നിലുണ്ട്. കോഴിക്ഷാമമുണ്ടാക്കി നിലവിലുള്ള നികുതികുറയ്ക്കാന്‍ അഭിപ്രായ രൂപീകരണമുണ്ടാക്കുകയാണ് തന്ത്രം. ഒരു കിലോ കോഴി ഇറക്കുമതിചെയ്യാന്‍ 13.5 ശതമാനമാണ് നികുതി. ഒരു കിലോയ്ക്ക് 9.80 രൂപ നികുതി. കോഴിയുടെ തറവില കിലോയ്ക്ക് 70 രൂപയാണ്. വിപണിയില്‍ ഇറച്ചിക്കോഴിവില 70 രൂപയില്‍ കുറഞ്ഞാലും നികുതി 9.80 രൂപ അടയ്ക്കണം. അതിനെ മറികടക്കുകയാണ് കുത്തകകളുടെ ലക്‍ഷ്യം.

(ക്രിയേറ്റീവ് കോമണ്‍ ലൈസന്‍സ് പ്രകാരം ദേശാഭിമാനിയില്‍ നിന്ന് എടുത്ത് പുനഃപ്രസിദ്ധീകരിക്കുന്നത്)

വെബ്ദുനിയ വായിക്കുക