കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിലെ രണ്ടു പ്രതികളെ പിടികിട്ടാപ്പുള്ളികളാക്കണമെന്ന് എന്‍ ഐ എ. കൊച്ചിയിലെ എന്‍ ഐ എയുടെ പ്രത്യേക കോടതിയിലാണ് എന്‍ ഐ എ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
കോഴിക്കോട് ഇരട്ടസ്ഫോടനക്കേസിലെ രണ്ടു പ്രതികളായ അസര്‍, യൂസഫ് എന്നിവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കണമെന്നാണ് എന്‍ ഐ എയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്നു രാവിലെയാണ് എന്‍ ഐ എ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ അപേക്ഷ നല്കിയത്.
ഈ രണ്ടു പ്രതികളുടെയും സ്വത്ത് കണ്ടു കെട്ടാനും എന്‍ ഐ എ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അസറിനും യൂസഫിനും എന്‍ ഐ എ ആദ്യം സമന്‍സും പിന്നീട് വാറണ്ടും അയച്ചിരുന്നെങ്കിലും ഇത് കൈപറ്റിയിരുന്നില്ല. ഇതേക്കുറിച്ച് പ്രതികരണവും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പിടികിട്ടാപുള്ളികളായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി എന്‍ ഐ എ കോടതിയെ സമീപിച്ചിരിക്കുന്നത്.
അസറും യൂസഫും നിലവില്‍ വിദേശത്താണ്. ഇവരെ പിടികൂടാന്‍ ഇതുവരെ എന്‍ ഐ എ യ്ക്ക് കഴിഞ്ഞിട്ടില്ല. ഇവരെ പിടികിട്ടാപുള്ളികള്‍ ആക്കുകയാണെങ്കില്‍ ഇവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ കുറ്റപത്രത്തില്‍ രേഖപ്പെടുത്താം. ഇക്കാരണത്താലാണ് ഈ ആവശ്യവുമായി എന്‍ ഐ എ കോടതിയെ സമീപിച്ചിരിക്കുന്നത്.