നൂറ്റിപ്പതിനേഴരപവന്റെ സ്വര്‍ണക്കപ്പ് സ്വന്തമാക്കിയ പാലക്കാടിനും കോഴിക്കോടിനും അക്ഷരാര്‍ത്ഥത്തില്‍ ‘916’ തിളക്കം. വാശിയേറിയ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ആണ് പാലക്കാടും കോഴിക്കോടും കിരീടം പങ്കുവെച്ചത്. മത്സരം അന്തിമഘട്ടത്തിലേക്ക് എത്തിയപ്പോള്‍ കോഴിക്കോടും പാലക്കാടും ഒന്നും രണ്ടും പോയിന്റുകള്‍ക്ക് മുന്നിലും പിറകിലുമായിരുന്നു. എന്നാല്‍ , അവസാന മത്സര ഇനമായ വഞ്ചിപ്പാട്ടിന്റെ ഫലവും ഇരുജില്ലകളും സമര്‍പ്പിച്ച ഹയര്‍ അപ്പീലുകളുടെ ഫലവും ആണ് അന്തിമവിജയികളെ നിശ്ചയിച്ചത്.
അവസാനഘട്ടത്തില്‍ ഒരു സമയത്ത് കോഴിക്കോട് മുന്നില്‍ എത്തിയെങ്കിലും പിന്നീട് പാലക്കാട് ഒപ്പമെത്തുകയും മുന്നില്‍ കയറുകയുമായിരുന്നു. 914 ഉം 916ഉം ആയിരുന്നു അപ്പോള്‍ പോയിന്റ് നില. എന്നാല്‍ , നിമിഷങ്ങള്‍ക്ക് ഒടുവില്‍ കോഴിക്കോടും പാലക്കാടും ‘916’ തിളക്കത്തിലെത്തി.
അമ്പത്തിയഞ്ചാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കോഴിക്കോട് തിരശ്ശീല വീഴുമ്പോള്‍ കിരീടനേട്ടത്തില്‍ ഹാട്രിക്കില്‍ ഹാട്രിക് തികച്ച തിളക്കത്തിലാണ് കോഴിക്കോട്. അടുത്തവര്‍ഷം എറണാകുളത്ത് ആണ് സംസ്ഥാന സ്കൂള്‍ കലോത്സവം.