കോളജുകള്‍ നടത്തിയ പ്രവേശന പരീക്ഷ കോടതി റദ്ദാക്കി

Webdunia
തിങ്കള്‍, 2 ഓഗസ്റ്റ് 2010 (18:44 IST)
PRO
സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെട്ട 11 സ്വാശ്രയ മാനേജ്മെന്‍റ് എഞ്ചിനീയറിംഗ് കോളജുകള്‍ സ്വന്തം നിലയ്ക്ക് നടത്തിയ മാനേജ്മെന്‍റ് ക്വാട്ടാ പ്രവേശനം ഹൈക്കോടതി റദ്ദാക്കി. മാനേജ്മെന്‍റ് കണ്‍സോര്‍ഷ്യം നടത്തിയ പ്രവേശന പരീക്ഷ സുതാര്യമല്ലെന്ന്‌ കോടതി കണ്ടെത്തി. 11 കോളജുകളുടെ മാനേജ്മെന്‍റ് കണ്‍സോര്‍ഷ്യം നടത്തിയ പ്രവേശന പരീക്ഷയ്ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ വിധി.

സര്‍ക്കാര്‍ നടത്തിയ പൊതുപ്രവേശന പരീക്ഷയുടെ പട്ടികയില്‍നിന്നും 11 കോളജുകളും പ്രവേശനം നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചു. സ്വാശ്രയ മേഖലയിലെ പ്രവേശനം, ഫീസ്‌ തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കുന്ന മുഹമ്മദ്‌ കമ്മറ്റിയുടെ മേല്‍നോട്ടത്തിലല്ല 11 എഞ്ചിനീയറിങ്‌ കോളജുകള്‍ പ്രവേശന പരീക്ഷ നടത്തിയത്‌ എന്ന്‌ കണ്ടാണ്‌ കോടതി ഉത്തരവ്‌.

50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ പട്ടികയില്‍നിന്നും 50 ശതമാനം സീറ്റില്‍ സ്വന്തം നിലയ്ക്കും പ്രവേശനം നടത്താനുള്ള ധാരണയാണ്‌ സര്‍ക്കാരും മാനേജ്മെന്‍റും ഉണ്ടാക്കിയത്‌. തങ്ങളുടെ 50 ശതമാനം സീറ്റിലേക്കുള്ള പ്രവേശനത്തിന്‌ മാനേജ്മെന്‍റ് കണ്‍സോര്‍ഷ്യം സ്വന്തം നിലയ്ക്ക്‌ കോഴിക്കോടുവച്ച്‌ പരീക്ഷ നടത്തുകയായിരുന്നു.

വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന്‌ മാനേജ്മെന്‍റ് പ്രതിനിധികള്‍ പറഞ്ഞു. വിധിയില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഉല്‍ക്കണ്ഠപ്പെടേണ്ടെന്നും വിധി പഠിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി എം എ ബേബി അറിയിച്ചു.