കോണ്‍ഗ്രസ്‌ വിരുദ്ധ നിലപാട്‌ സ്വീകരിക്കുമെന്ന്‌ കുഡുംബി സമുദായം

Webdunia
തിങ്കള്‍, 24 മാര്‍ച്ച് 2014 (15:57 IST)
PRO
PRO
തെരഞ്ഞെടുപ്പില്‍ കുഡുംബി സമുദായം കോണ്‍ഗ്രസ്‌ വിരുദ്ധ നിലപാട്‌ സ്വീകരിക്കുമെന്ന്‌ കുഡുംബിസേവാസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എസ്‌. രാമചന്ദ്രന്‍ പറഞ്ഞു. കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന കുഡുംബി സേവാസംഘത്തിന്റെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരുകള്‍ വോട്ട്‌ ബാങ്ക്‌ നോക്കിയാണ്‌ ആനുകൂല്യങ്ങള്‍ നല്‍കുന്നത്‌. കുഡുംബികള്‍ക്ക്‌ വോട്ട്‌ ബാങ്ക്‌ ഇല്ലാത്തതിനാല്‍ അവര്‍ക്ക്‌ അര്‍ഹമായ ആനുകൂല്യങ്ങളും ആവശ്യങ്ങളും നിഷേധിക്കപ്പെടുന്നു. ദളിത്‌ ക്രിസ്ത്യാനികള്‍ക്ക്‌ പ്രത്യേകം സംവരണം നല്‍കുന്ന സംസ്ഥാനത്താണിത്‌. എന്നിട്ടും കുഡുംബികള്‍ക്ക്‌ ഒരു ശതമാനം സംവരണം നല്‍കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കുഡുംബി സമുദായത്തെ പട്ടികജാതിയില്‍ പെടുത്താമെന്ന്‌ കെപിസിസി പ്രസിഡന്റായിരുന്ന സമയത്ത്‌ രമേശ്‌ ചെന്നിത്തല രേഖാമൂലം ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ മന്ത്രിയായിട്ടും ഈ ഉറപ്പ്‌ പാലിച്ചില്ലെന്ന് രാമചന്ദ്രന്‍ പറഞ്ഞു.

കുഡുംബി സമുദായത്തെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കേന്ദ്രമന്ത്രി കെ.വി.തോമസിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്ന്‌ ഒരു ശതമാനം സംവരണം നേടി നല്‍കാന്‍ കെ.വി. തോമസിനോട്‌ പറഞ്ഞ്‌ മുഖ്യമന്ത്രി കൈയ്യൊഴിയുകയാണുണ്ടായത്‌. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം കെ.വി. തോമസ്‌ വിഴുങ്ങി. പട്ടികജാതിയില്‍ പെടുത്തിയില്ലെങ്കില്‍ പട്ടികവര്‍ഗത്തില്‍പെടുത്താന്‍ നടപടി സ്വീകരിക്കുന്നതിനുപകരം സോഷ്യോ ഇക്കണോമിക്‌ സര്‍വ്വെ നടത്താനാണ്‌ സര്‍ക്കാരിന്റെ തീരുമാനം. അതിനാല്‍ കോണ്‍ഗ്രസിന്‌ വോട്ട്‌ ചെയ്യുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊങ്കിണീ ഭാഷ മാതൃഭാഷയായിട്ടുള്ള സമുദായത്തിന്‌ ഭാഷാ ന്യൂനപക്ഷപദവി നിഷേധിച്ചു. സാമൂഹിക നീതിക്കായുള്ള സമരങ്ങളെയും സര്‍ക്കാര്‍ കണ്ടില്ലെന്ന്‌ നടിക്കുന്നതായും അവര്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പിന്നോക്കക്കാരുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കെ.വി. ഭാസ്ക്കരന്‌ പിന്തുണ പ്രഖ്യാപിച്ചു.