കോടതിഭാഷ മലയാളമാവണമെന്ന് മന്ത്രി കെ സി ജോസഫ്

Webdunia
വ്യാഴം, 31 ഒക്‌ടോബര്‍ 2013 (15:54 IST)
PRO
കോടതിഭാഷ നിര്‍ബന്ധമായും മലയാളമാവണമെന്ന് സാംസ്‌കാരികമന്ത്രി കെ സി ജോസഫ്. ഇതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായും മന്ത്രി തുടര്‍ന്ന് പറഞ്ഞു.

നിയമവകുപ്പ് തയ്യാറാക്കിയ നിയമധ്വനി, ഔദ്യോഗികഭാഷാ കമ്മീഷന്‍ പരിഭാഷപ്പെടുത്തിയ പദങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച നിയമശബ്ദതാരാവലി എന്നിവയുടെ പ്രകാശനകര്‍മ്മം സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

ചടങ്ങില്‍ ഔദ്യോഗിക ഭാഷാ സമിതിയധ്യക്ഷന്‍ പാലോട് രവി എംഎല്‍എ അധ്യക്ഷത വഹിച്ചു. കോടതിവിധികള്‍ ആരെ ഉദ്ദേശിച്ചാണോ അവര്‍ക്ക് വായിച്ചാല്‍ മനസിലാക്കാന്‍ കഴിയണം. വിധി മനസ്സിലാക്കാന്‍ കഴിയാതെ നിരവധി പേര്‍ കബളിപ്പിക്കപ്പെട്ട കാര്യം മന്ത്രി ചൂണ്ടിക്കാട്ടി.

കോടതി ഭാഷ മലയാളത്തിലാക്കാന്‍ നിയമവകുപ്പിന്റെ സഹായം അനിവാര്യമാണ് എന്നും മലയാളം ശ്രേഷ്ഠഭാഷ പദവി നേടുന്നതുള്‍പ്പെടെ ശ്രദ്ധേയമായ പലനേട്ടങ്ങളും മാതൃഭാഷയ്ക്കായി നേടാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
നിയമധ്വനിയും, നിയമശബ്ദതാരാവലിയും നിയമപദങ്ങള്‍ മലയാളത്തില്‍ മനസ്സിലാക്കാന്‍ സഹായകമാവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അറിയാനുള്ള അവകാശം ജനാധിപത്യത്തിന്റെ ആണിക്കല്ലായതിനാല്‍ കോടതിഭാഷ മലയാളത്തില്‍തന്നെ വേണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പാലോട് രവി എംഎല്‍എ പറഞ്ഞു