കൊല്ലപ്പെട്ടിരുന്നില്ലെങ്കില്‍ ആ വിവാഹത്തിന് ടി പി എത്തുമായിരുന്നു!

Webdunia
ശനി, 23 ഫെബ്രുവരി 2013 (13:53 IST)
PRO
PRO
കൊല്ലപ്പെടുമ്പോള്‍ ടി പിയുടെ പോക്കറ്റില്‍ നിന്ന് കിട്ടിയ ട്രെയിന്‍ ടിക്കറ്റുകള്‍ കോടതിയില്‍ ഹാജരാക്കി. സിപിഎം കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗവും ഏറ്റുമാനൂര്‍ എംഎല്‍എയുമായ സുരേഷ്‌ കുറുപ്പിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ടി പി ചന്ദ്രശേഖരന്‍ റിസര്‍വ്‌ ചെയ്‌ത ട്രെയിന്‍ ടിക്കറ്റുകളായിരുന്നു അദ്ദേഹത്തിന്റെ പോക്കറ്റില്‍ ഉണ്ടായിരുന്നത്.

മെയ് പതിമൂന്നിന് നടന്ന വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങാനാണ് ടി പി ടിക്കെറ്റെടുത്തെത്ത്. അദ്ദേഹത്തിനും ഭാര്യ രമയ്ക്കും വേണ്ടി എടുത്ത രണ്ടു സ്ലീപ്പര്‍ ക്ലാസ്‌ ടിക്കറ്റുകളാണ്‌ മറ്റു തൊണ്ടിമുതലുകള്‍ക്കൊപ്പം കഴിഞ്ഞദിവസം കോടതിയില്‍ പ്രോസിക്യൂട്ടര്‍ സാക്ഷിയെ കാട്ടിയത്‌.

ടി പിയെ വടകര ആശുപത്രിയിലെത്തിച്ചപ്പോള്‍ മരണം സ്ഥിരീകരിച്ച ഡോക്ടറാണ്‌ പോക്കറ്റിലെ പഴ്സും എടിഎം കാര്‍ഡുകളും ട്രെയിന്‍ ടിക്കറ്റും കണ്ടെടുത്ത്‌ പൊലീസിനു കൈമാറിയത്‌. ടി പി കൊല്ലപ്പെട്ട മേയ്‌ നാലിനു തന്നെയാണ്‌ രണ്ടു ടിക്കറ്റുകളും വടകരയില്‍ നിന്നു റിസര്‍വ്‌ ചെയ്‌തിരിക്കുന്നത്‌.

സുരേഷ്കുറുപ്പിനോപ്പം ഒരു കാലത്ത് എസ് എഫ് ഐയില്‍ സജീവ പ്രവര്‍ത്തകരായിരുന്നു ടി പിയും രമയും. ആ സുഹൃദത്തിന്റെ പേരിലാണ് കുറുപ്പിന്റെ മകന്റെ വിവാഹത്തിന് പോകാന്‍ ടി പി തീരുമാനിച്ചത്.

എന്നാല്‍ ടി പി വധക്കേസില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരായത് സുരേഷ്കുറുപ്പിന്റെ അനുജന്‍ ഗോപാലകൃഷ്ണക്കുറുപ്പാണെന്നത് യാദൃശ്ചികം. കുറുപ്പ്‌ ഫോണിലൂടെയാണ്‌ മകന്റെ വിവാഹത്തിനായി ടി പിയെയും കുടുംബത്തെയും ക്ഷണിച്ചത്‌. പോകാനുളള തീരുമാനം രമയോട്‌ പറഞ്ഞതും അതിനായി ടിക്കറ്റ്‌ എടുത്തതും കൊല്ലപ്പെട്ട ദിവസം തന്നെയായിരുന്നു.