കൊടിക്കുന്നില്‍ തോറ്റാല്‍ ശോഭന ചെണ്ട കൊട്ടി സി പി എം ഓഫീസിലെത്തും!

Webdunia
തിങ്കള്‍, 12 മെയ് 2014 (13:44 IST)
മാവേലിക്കരയിലെയും ആലപ്പുഴയിലെയും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചാല്‍ കോണ്‍ഗ്രസ് മുന്‍ എം എല്‍ എ ശോഭനാ ജോര്‍ജ് ചെണ്ട കൊട്ടലിന്‍റെ അകമ്പടിയോടെ സി പി എം ആലപ്പുഴ ജില്ലാകമ്മിറ്റി ഓഫീസിലെത്തി 10001 രൂപ കൈമാറും. മാവേലിക്കരയിലെയും ആലപ്പുഴയിലെയും യു ഡി എഫ് സ്ഥാനാര്‍ത്ഥികളാണ് ജയിക്കുന്നതെങ്കില്‍ സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനും ഇതേ രീതിയില്‍ ഡി സി സി ഓഫീസിലെത്തി ശോഭനാ ജോര്‍ജ്ജിന് 10001 രൂപ നല്‍കും.
 
ആലപ്പുഴയില്‍ കെ സി വേണുഗോപാലിന്‍റെയും മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷിന്‍റെയും വിജയം സംബന്ധിച്ച് ശോഭനാ ജോര്‍ജ്ജും സജി ചെറിയാനും പൊതുജനങ്ങളുടെയും നേതാക്കളുടെയും സാന്നിധ്യത്തിലാണ് പന്തയം വച്ചിരിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി, സി പി എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പന്തയം.
 
പന്തയത്തെ ഗൌരവമായാണ് കാണുന്നതെന്ന് ശോഭനാ ജോര്‍ജ്ജും സജി ചെറിയാനും അറിയിച്ചിട്ടുണ്ട്. എന്തായാലും, ആര്‍ക്കാണ് ചെണ്ടകൊട്ടിയെത്തി പണം കൈമാറാനുള്ള യോഗമുണ്ടാവുക എന്ന ആകാംക്ഷയിലാണ് ആലപ്പുഴയിലെയും മാവേലിക്കരയിലെയും വോട്ടര്‍മാര്‍.

ചിത്രത്തിന് കടപ്പാട്: കൈരളി ടി വി