കൊടിക്കുന്നിലിന്റെ വികസന നേട്ടങ്ങള്‍ പൊള്ളയെന്ന്‌ ചെങ്ങറ

Webdunia
വെള്ളി, 21 മാര്‍ച്ച് 2014 (13:24 IST)
PRO
മാവേലിക്കര ലോക്‍സഭാ മണ്ഡലത്തില്‍ വന്‍ വികസനങ്ങള്‍ നടത്തിയെന്ന കൊടിക്കുന്നില്‍ സുരേഷിന്റെ അവകാശവാദങ്ങള്‍ വെറും പൊള്ളത്തരമാണെന്ന്‌ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി ചെങ്ങറ സുരേന്ദ്രന്‍. കശുവണ്ടി മേഖല അതീവ സങ്കീര്‍ണമായ പ്രശ്നങ്ങളില്‍പ്പെട്ട്‌ ഉഴലുകയാണ്‌. തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയിലാണെന്നും ചെങ്ങറ കുറ്റപ്പെടുത്തുന്നു.

കാഷ്യു ബോര്‍ഡ്‌ സ്ഥാപിക്കുമെന്നതും പ്രഖ്യാപനത്തിലൊതുങ്ങി. കുട്ടനാട്‌ പാക്കേജ്‌ ഇന്നും തുടങ്ങിയിടത്തു തന്നെ നില്‍ക്കുകയാണ്‌. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച്‌ പദ്ധതി നിര്‍വഹണത്തിന്‌ നേതൃത്വം നല്‍കേണ്ട എംപി ഇക്കാര്യത്തില്‍ ദയനീയമായി പരാജയപ്പെട്ടുവെന്നും ചെങ്ങറ പറഞ്ഞു.

എംപി ഫണ്ട്‌ വിനിയോഗത്തിലും കൊടിക്കുന്നില്‍ വീഴ്ചവരുത്തി. കുട്ടനാട്‌ താലൂക്ക്‌ ആശുപത്രിയില്‍ ഒരു കെട്ടിടം പോലും നിര്‍മിക്കാന്‍ സാധിച്ചില്ല. മാവേലിക്കരയില്‍ ഇഎസ്‌ഐ മെഡിക്കല്‍ കോളേജ്‌ നിര്‍മിക്കുമെന്നത്‌ പ്രസ്താവനാ തട്ടിപ്പാണെന്നും ചെങ്ങറ സുരേന്ദ്രന്‍ പറഞ്ഞു.