പൊതുമരാമത്ത് വകുപ്പിനെതിരെയും മന്ത്രിക്കെതിരെയും ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് തന്റെ കൈവശമുള്ളതെന്ന് കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ. ലോകായുക്ത കോടതി തെളിവുകള്‍ സമര്‍പ്പിച്ചതിനു ഹാജരാക്കിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പറഞ്ഞതിനേക്കാള്‍ ശക്തമായ, ഞെട്ടിപ്പിക്കുന്ന തെളിവുകളുമായാണ് ലോകായുക്തയ്ക്ക് മുന്നില്‍ താന്‍ എത്തിയത്. രേഖകള്‍ പരിശോധിക്കാന്‍ സമയം ഒരുപാട് വേണ്ടതിനാലാണ് കോടതി സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. വളരെ വ്യക്തതയുള്ള കാര്യങ്ങളാണ് ലോകായുക്തയ്ക്ക് മുമ്പില്‍ അവതരിപ്പിച്ചത്. കേരളത്തിലെ ഏറ്റവും സത്യസന്ധനായ ഉദ്യോഗസ്ഥനെ നിയമിച്ച് ഇക്കാര്യം അന്വേഷിപ്പിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
തന്റെ കൈയിലുള്ള തെളിവുകള്‍ വ്യക്തവും ശക്തവുമാണ്. രേഖകള്‍ മാധ്യമങ്ങള്‍ക്ക് തരാന്‍ തയ്യാറാണ്. വയനാട്ടിലെ ഒരു റോഡിന്റെ നിര്‍മ്മാണത്തില്‍ 10 കോടിയുടെ അഴിമതിയാണ് നടന്നത്. പൊതുമരാമത്ത് വകുപ്പിനു വേണ്ടി പാലങ്ങളും മറ്റും ഡിസൈന്‍ ചെയ്യുന്നത് നാല് കമ്പനികളാണ്. വകുപ്പിലെ എഞ്ചിനിയര്‍മാര്‍ തയ്യാറാക്കുന്ന എസ്റ്റിമേറ്റും ഡിസൈനും പരിഗണിക്കാതെ കമ്പനികള്‍ക്ക് പ്രൊജക്‌ടുകള്‍ നല്കുകയും അതിന് കമ്മീഷന്‍ വാങ്ങുകയും ചെയ്യുകയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
ഇന്ത്യ കണ്ട ഏറവും വലിയ അഴിമതിയാണ് നടന്നിരിക്കുന്നത്. പൊതുപ്രവര്‍ത്തനമല്ലാതെ വേറെ ഒന്നും ചെയ്തിട്ടില്ലാത്ത ആള്‍ക്ക് ഇത്രയധികം സമ്പാദ്യം എങ്ങനെ ഉണ്ടായി. ഇത് പറയുന്നത് കൊണ്ട് തന്റെ മാനവും ജീവിതവും നഷ്‌ടപ്പെട്ടേക്കാം. മരണം വരെ എം എല്‍ എ ആകാനും മന്ത്രിയാകാനും ആഗ്രഹിക്കുന്നില്ല. തനിക്കെതിരെ സര്‍ക്കാരിന് എന്തു ദ്രോഹം വേണമെങ്കിലും ചെയ്യാമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
അഴിമതിയെ ഔദ്യോഗികവല്‍ക്കരിച്ച ഒരു സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. അഴിമതിക്കെതിരെ ജനങ്ങള്‍ തെരുവിലിറങ്ങണം. ഇനി എന്ത് സംഭവിച്ചാലും തനിക്ക് ഒരു കുഴപ്പവുമില്ല. പേടിയും ഭയവുമില്ല. സര്‍ക്കാര്‍ അഴിമതിക്ക് വെള്ള പൂശുകയും അഴിമതിക്കാരെ സംരക്ഷിക്കുകയും ചെയ്യുന്നു. ഈ അഴിമതിയെ ന്യായീകരിക്കാന്‍ യു ഡി എഫിലെ ചെറുപ്പക്കാര്‍ വൈകുന്നേരം ചാനലുകളില്‍ വരരുതെന്നും വന്നാല്‍ ജനങ്ങള്‍ വെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോടതിയില്‍ പോകുന്ന കേസിന്റെ ഫലം പ്രവചിക്കാന്‍ കഴിയില്ല. പറയാനുള്ളത് പറയാന്‍ അവസരം തന്നതിന് കോടതിക്ക് നന്ദിയുണ്ട്. തന്റെ കോലം കത്തിക്കുമായിരിക്കും, പത്തനാപുരത്ത് കുറേ ആളുകളെ വെച്ച് മാര്‍ച്ച് നടത്തുമായിരിക്കും. ഇതില്‍ കൂടുതലൊന്നും സംഭവിക്കാന്‍ പോകുന്നില്ല.
അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് എല്‍ ഡി എഫും പ്രതിപക്ഷ നേതാവും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനേക്കാള്‍, അഴിമതി വെറുക്കുന്ന മലയാളികളുടെ പിന്തുണ തനിക്കുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ധാര്‍മ്മികത പഠിപ്പിക്കുന്ന ട്യൂഷന്‍ ക്ലാസിലെ ടീച്ചറാണ് കെ എം മാണിയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.