കേരളത്തില്‍ വെള്ളിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

Webdunia
ബുധന്‍, 10 ജൂലൈ 2013 (17:16 IST)
PTI
PTI
കേരളത്തില്‍ വെള്ളിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ചീഫ് സെക്രട്ടറിയ്ക്കും അതാത് ജില്ലാ കളക്ടര്‍മാര്‍ക്കും കലാവസ്ഥ സംബന്ധിച്ചുള്ള വിവരങ്ങള്‍ കലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയിട്ടുണ്ട്.

മുന്‍ വര്‍ഷങ്ങളിലെ അപേക്ഷിച്ച് 77 ശതമാനം അധിക മഴയാണ് ഈ വര്‍ഷം ലഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ 7മുതല്‍ 13 സെന്റിമീറ്റര്‍ വരെ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവില്‍ സംസ്ഥാനത്ത് ശക്തമായ കാലവര്‍ഷം തുടരുകയാണ്.

ഒറീസാതീരത്തിനടുത്ത് രൂപപ്പെട്ട അന്തരീക്ഷച്ചുഴിയാണ് കാലവര്‍ഷത്തെ വീണ്ടും സജീവമാക്കിയത്. ഒരു മേഖലയിലേക്ക് കാറ്റ് കേന്ദ്രീകരിക്കുന്ന പ്രതിഭാസമാണ് അന്തരീക്ഷച്ചുഴി. ഇതിന്റെ സ്വാധീനംകൊണ്ട് അന്തരീക്ഷത്തില്‍ കൂടുതല്‍ ഈര്‍പ്പവും കൂടുതല്‍ മേഘങ്ങളും ഉണ്ടാവും. കേരളത്തിന്റെ ഉള്‍നാടുകളിലും നല്ല മഴ ലഭിക്കാന്‍ ആ അവസ്ഥ കാരണമാവും.

ഗുജറാത്ത് മുതല്‍ കേരള തീരം വരെയുള്ള ന്യൂനമര്‍ദ്ദ പാത്തിയും സജീവമാണ്. സമുദ്രനിരപ്പില്‍ നിന്ന് 10 കിലോമീറ്റര്‍വരെ ഉയരത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി ശക്തമായ കാറ്റുവീശുന്നുണ്ട്. മണിക്കൂറില്‍ 185 കിലോമീറ്റര്‍വരെയാണ് ഇതിന്റെ വേഗം. ഈ കാറ്റും കേരളത്തില്‍ കാലവര്‍ഷം ശക്തമാക്കാന്‍ സഹായകമാണ്.