ഡീസല്‍ വിലവര്‍ധിച്ച സാഹചര്യത്തില്‍ ബസ് ചാര്‍ജ് കൂട്ടണമെന്ന സ്വകാര്യബസുടമകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. അടുത്തമാസം പത്തിനകം ബസ്ചാര്‍ജ് പുതുക്കി നിലവില്‍ വരും.
ചാര്‍ജ് കൂട്ടുന്നതിനെക്കുറിച്ച് പഠിക്കാന്‍ ജസ്‌റ്റിസ് രാമചന്ദ്രന്‍ കമ്മിഷനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദും സ്വകാര്യബസുടമകളുടെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണു തീരുമാനം. അടുത്തമാസം പത്തിനകം ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ചു തീരുമാനമുണ്ടാകുമെന്നു സര്‍ക്കാര്‍ ഉറപ്പു നല്‍കിയതിനെത്തുടര്‍ന്ന് നേരത്തെ പ്രഖ്യാപിച്ച സമരത്തില്‍ നിന്നും ബസുടമകളുടെ സംഘടനകള്‍ പിന്‍മാറി.
രാമചന്ദ്രന്‍ കമ്മിഷനു പുറമേ നാഷണല്‍ ട്രാന്‍സ്‌പോട്ടേഷന്‍ പ്ലാനിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍(നാറ്റ്‌പാക്) ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് പഠനം നടത്തുന്നുണ്ട്. ഈ മാസം 24 നകം ഗതാഗതനിരക്കു വര്‍ധിപ്പിക്കുന്നതിനാവശ്യമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നാറ്റ്‌പാക്കിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാറ്റ്‌പാക്കിന്റെ ഈ നിര്‍ദ്ദേശങ്ങള്‍കൂടി കമ്മിഷനു കൈമാറും. 30 നകം കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിനുശേഷം മന്ത്രിസഭ ചര്‍ച്ച ചെയ്‌ത് അന്തിമതീരുമാനമെടുക്കുമെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.