കേന്ദ്രമന്ത്രിമാരെ ആക്ഷേപിച്ചിട്ടില്ലെന്ന് വി‌എസ്

Webdunia
ഞായര്‍, 24 ജനുവരി 2010 (16:35 IST)
PRO
കേന്ദ്ര സഹമന്ത്രിമാര്‍ക്ക് പണിയില്ലെന്ന തന്‍റെ പ്രസ്താവന അവരെ ആക്ഷേപിക്കാനായിരുന്നില്ലെന്ന് മുഖ്യമന്ത്രി വി‌എസ് അച്യുതാനന്ദന്‍ പറഞ്ഞു. പണിയില്ലെന്ന് പറഞ്ഞത് താനല്ലെന്നും കേന്ദ്രസഹമന്ത്രിമാര്‍ തന്നെയാണ് ഇക്കാര്യം പ്രധാനമന്ത്രിയോട് ചൂണ്ടിക്കാട്ടിയതെന്നും വി‌എസ് പറഞ്ഞു.

കേന്ദ്ര സഹമന്ത്രിമാരായ കെവി തോമസിനും ശശി തരൂരിനും ഇ അഹമ്മദിനും ഡെല്‍ഹിയില്‍ പണിയൊന്നും ഇല്ലെന്നും അതുകൊണ്ടാണ് ആഴ്ചതോറും കേരളത്തിലെത്തി വായില്‍ തോന്നുന്നത് വിളിച്ചുപറയുന്നതെന്നുമായിരുന്നു വി‌എസിന്‍റെ പരാമര്‍ശം. സംസ്ഥാനത്ത് അടുത്തിടെ കെ വി തോമസ് ഉയര്‍ത്തിയ അരിവിവാദങ്ങളുടെയും മറ്റും പശ്ചാത്തലത്തിലായിരുന്നു വി‌എസിന്‍റെ അഭിപ്രായപ്രകടനം.

വി‌എസിന്‍റെ പ്രസ്താവനയോട് കെവി തോമസ് പ്രതികരിച്ചിരുന്നു. കേന്ദ്രത്തില്‍ നടക്കുന്നത് എന്തെന്ന് അറിയാതെയാണ് മുഖ്യമന്ത്രി കേന്ദ്രസഹമന്ത്രിമാരെ വിമര്‍ശിക്കുന്നതെന്നും മുഖ്യമന്ത്രി സ്ഥാനത്തിന്‍റെ മഹത്വം നഷ്ടപ്പെടുത്തരുതെന്നുമായിരുന്നു കെവി തോമസിന്‍റെ മറുപടി. ഈ സാഹചര്യത്തിലാണ് പ്രസ്താവന ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്ന് വി‌എസ് വിശദീകരിച്ചത്.

തൃശ്ശൂരില്‍ സിഐടി‌യു സമ്മേളന വേദിയിലായിരുന്നു വി‌എസ് കേന്ദ്രസഹമന്ത്രിമാര്‍ക്കെതിരെ പരാമര്‍ശം നടത്തിയത്. താന്‍ പങ്കെടുത്ത വേദിയില്‍ കെവി തോമസ് ഉണ്ടായിരുന്നെങ്കില്‍ ഇക്കാര്യം നേരിട്ട് പറയുമായിരുന്നെന്നും അര്‍ഹതപ്പെട്ടത് തരാതെ കേന്ദ്രമന്ത്രിമാര്‍ കേരളത്തെ വിമര്‍ശിച്ചാല്‍ മറുപടി പറയാന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ താന്‍ ബാധ്യസ്ഥനാണെന്നും വി‌എസ് പറഞ്ഞു.