ജിപിഎസ് സംവിധാനം ഉപയോഗിച്ച് ബസുകളുടെ നിയന്ത്രണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കെഎസ്ആര്‍ടിസി തയാറെടുക്കുന്നു. ഒപ്പം ഇ-ടിക്കറ്റിംഗ് മെഷീന്‍ സംവിധാനം കൊണ്ടുവരാനും കോര്‍പറേഷനിലെ ശമ്പളവും പെന്‍ഷനും ബാങ്ക് വഴി വിതരണം ചെയ്യാനും തീരുമാനിച്ചു.
ആറായിരം പുതിയ ജിപിഎസ് യൂണിറ്റുകളും അയ്യായിരം ഇ-ടിക്കറ്റിംഗ് യന്ത്രങ്ങളുമാണ് ആദ്യഘട്ടത്തില്‍ വാങ്ങുന്നത്. എടി ഓഫിസുകളും ബസുകളും ആസ്ഥാനമന്ദിരവുമായി ഡാറ്റ ട്രാന്‍സ്ഫര്‍ സംവിധാനം നടപ്പാക്കുന്നുണ്ട്. ആറായിരം ബസുകളാണ് ഈ സംവിധാനത്തിനു കീഴില്‍ ആദ്യപടിയായി കൊണ്ടു വരുന്നത്. ബസുകള്‍ എവിടെ എത്തിയെന്നും എപ്പോള്‍ സ്റ്റേഷനുകളില്‍ എത്തുമെന്നും യാത്രക്കാര്‍ക്ക് അറിയാനുള്ള സംവിധാനം ഒരുക്കുന്നുണ്ട്. രണ്ടു മാസത്തിനകം പദ്ധതി നടപ്പിലാക്കാനാണു തീരുമാനം.
ശമ്പളവും പെന്‍ഷനും ബാങ്ക് വഴി വിതരണം നടത്താനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറുമായി ധാരണാപത്രം ഒപ്പിട്ടു. പുതിയ ബസുകള്‍ വാങ്ങുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. നാലായിരം ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും കുറവുള്ളത് പിഎസ്‌സിക്കു റിപ്പോര്‍ട്ട് ചെയ്യും. കെഎസ്‌ആര്‍ടിസി സമുച്ചയങ്ങളുടെ നിര്‍മാണം വേഗത്തിലാക്കാനും തീരുമാനിച്ചതായി കോര്‍പറേഷനിലെ എ ടി ഒമാര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം മാനേജിങ് ഡയറക്ടര്‍ കെ ജി മോഹന്‍ ലാല്‍ അറിയിച്ചു.
രാത്രികാല അറ്റകുറ്റപ്പണികള്‍ മെച്ചപ്പെടുത്തി ബസുകളുടെ ബ്രേക്ക് ഡൗണ്‍ കുറയ്ക്കും. നിലവില്‍ 0.48 ശതമാനമാണ് ബ്രേക്ക് ഡൗണ്‍. ഇത് 0.1ല്‍ എത്തിക്കുകയാണു ലക്ഷ്യം. 384 കോടി രൂപ ഇത്തവണ സര്‍ക്കാര്‍ സഹായം നല്‍കിയിട്ടുണ്ടെന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.