സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കെഎസ്ആര്‍ടിസിക്ക് എണ്ണ കമ്പനികളുടെ വക പണി. കെഎസ്ആര്‍ടിസിക്കുള്ള ഡീസല്‍ വില എണ്ണ കമ്പനികള്‍ കുത്തനെ കൂട്ടിയിരിക്കുകയാണ്. കെഎസ്ആര്‍ടിസിക്കുള്ള ഡീസല്‍ വില ലിറ്ററിന് 19.39 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
അതായത് കെഎസ്ആര്‍ടിസി ഒരു ലിറ്റര്‍ ഡീസല്‍ ലഭിക്കണമെങ്കില്‍ 73.26 രൂപ നല്‍കണം. പൊതു വിപണിയില്‍ ഡീസല്‍ വില 55.81 രൂപയാണ്. വന്‍കിട ഉപഭോക്താക്കള്‍ക്ക് ഡീസല്‍ വിലയില്‍ സബ്‌സിഡി നല്‍കേണ്ടെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് എണ്ണ കമ്പനികള്‍ വില വര്‍ധിപ്പിച്ചിരിക്കുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഡീസല്‍ വിലയില്‍ കുറവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദും ഇന്ന് എണ്ണ കമ്പനി അധികൃതരുമായി ചര്‍ച്ച നടത്താനിരിക്കെയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്.