കൃഷ്ണവിഗ്രഹത്തിന് പകരം എല്‍ഡിഎഫ് സ്ഥാനാര്‍ഥി: പ്രചരണം വിവാദത്തില്‍!

Webdunia
തിങ്കള്‍, 31 മാര്‍ച്ച് 2014 (15:09 IST)
PRO
PRO
പുതുക്കാട്‌ മണ്ഡലത്തില്‍ വിഷുവിന്റെ പുലര്‍ച്ചെ കണികണ്ടുണരുന്ന മാലോകരെ അവഹേളിക്കുന്ന വിധത്തില്‍ എല്‍ഡിഎഫ്‌ പ്രചരണം വിവാദമാകുന്നു. കണിക്കൊരുക്കുന്ന കൃഷ്ണവിഗ്രഹത്തിന്‌ പകരം എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥിയുടെ ചിത്രം വച്ച്‌ ഉരുളി നല്‍കുന്ന ചിത്രമാണ്‌ വിവാദമായിട്ടുള്ളത്‌.

ഹൈന്ദവ വിശ്വാസികള്‍ ആണ്ടിലൊരിക്കല്‍ ചെയ്തുവരാറുള്ള ഈ ചടങ്ങ്‌ തെരുവോരത്ത്‌ നടത്തുകയും ഭഗവാന്‍ ശ്രീകൃഷ്ണന്റെ ചിത്രത്തിന്‌ പകരം സി.എന്‍. ജയദേവന്റെ ചിത്രം വെക്കുകയും ചെയ്തത്‌ ഹിന്ദുക്കളെ അവഹേളിക്കുവാന്‍ കരുതിക്കൂട്ടി ചെയ്ത പ്രവര്‍ത്തിയാണെന്നാണ്‌ ആക്ഷേപം.

മതപരമായ ആചാരങ്ങളില്‍ നിന്ന്‌ അകന്നു നില്‍ക്കുകയും ക്ഷേത്രകമ്മറ്റികളില്‍ പോലും പ്രവേശിക്കരുതെന്നും പാര്‍ട്ടിയുടെ നിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കുമ്പോഴാണ്‌ ഘടക കക്ഷികളുടെ പ്രചരണത്തില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ നോക്കി നില്‍ക്കുമ്പോള്‍ ഈ അവഹേളനം നടത്തിയത്‌.

ഒരു മതവിഭാഗത്തെ പ്രീണിപ്പിക്കുവാന്‍ വേണ്ടി നടത്തിയ ഈ ചടങ്ങ്‌ അവഹേളനമായി മാറിയതായാണ്‌ ആരോപണം. ഈ ചിത്രം സോഷ്യല്‍ മീഡിയ വഴിയും വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്‌.