കുലുക്കി സര്‍ബത്തിനെ പേടിച്ച് കൊച്ചി!

Webdunia
ശനി, 20 ഏപ്രില്‍ 2013 (15:30 IST)
PRO
PRO
മാലിന്യം കലര്‍ന്ന വസ്തുക്കളുപയോഗിച്ചു കുലുക്കി സര്‍ബത്ത്‌ ഉണ്ടാക്കി വില്‍ക്കുന്നുവെന്ന പരാതികളെത്തുടര്‍ന്ന്‌ കൊച്ചി കോര്‍പ്പറേഷന്റെ ആരോഗ്യ വിഭാഗം പരിശോധന നടത്തി. ഹൈക്കോടതി ജംക്ഷന്‍ മുതല്‍ ഗോശ്രീ പാലം വരെ റോഡിന്‌ ഇരുവശങ്ങളിലായി പ്രവര്‍ത്തിക്കുന്ന കടകളിലായിരുന്നു പരിശോധന.

പത്തുകടകളില്‍ റെയ്ഡ്‌ നടത്തി. അഞ്ചു കടകള്‍ക്കു നോട്ടീസ്‌ നല്‍കി. കുലുക്കി സര്‍ബത്തിലും മറ്റും ഉപയോഗിക്കുന്ന ഐസില്‍ മാരകമായ ഇ- കോളി ബാക്റ്റീരിയ കണ്ടെത്തിയ കടകള്‍ക്കാണു നോട്ടീസ്‌. ഇവിടങ്ങളില്‍ നിന്ന്‌ 50 കിലോയോളം ഐസും കുലുക്കി സര്‍ബത്തിനുപയോഗിക്കുന്ന ഗ്ലാസുകളും പിടിച്ചെടുത്തു. നോട്ടീസ്‌ നല്‍കിയ കടകളില്‍ കുലുക്കി സര്‍ബത്ത്‌ വില്‍പന നിരോധിച്ചിട്ടുണ്ട്‌.

നിര്‍ദേശം ലംഘിച്ചാല്‍ കടകള്‍ കണ്ട്‌ കെട്ടുന്നതടക്കമുള്ള കര്‍ശനമായ നടപടികളിലേക്ക്‌ നീങ്ങുമെന്ന്‌ നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ ടി കെ അഷറഫ്‌ അറിയിച്ചു. പരിശോധന ഇനിയും തുടരും. സ്ഥിതിയില്‍ മാറ്റമുണ്ടായില്ലെങ്കില്‍ നഗരത്തില്‍ കുലുക്കി സര്‍ബത്ത്‌ വില്‍പ്പന പൂര്‍ണമായും നിരോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.