സൂര്യനെല്ലിക്കേസില്‍ വിവാദ പുരുഷനായ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ പിന്തുണ. കുര്യനെതിരായ ആരോപണം കോടതി പരിശോധിച്ചതാണെന്ന് കോണ്‍ഗ്രസ് വക്താവ് രേണുകാ ചൗധരി പറഞ്ഞു. ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും കുര്യന്റെ രാജി ആവശ്യപ്പെടില്ലെന്നും ബിജെപി കേന്ദ്ര നേതൃത്വവും നിലപാട് വ്യക്തമാക്കി.
അതേസമയം അധ്യക്ഷ സോണിയാഗാന്ധിയെ കാണാന്‍ അനുമതി ലഭിച്ചില്ല. ഇതിനെന്താണ് കാര്യമെന്ന് വിശദീകരണം ലഭിച്ചിട്ടില്ല. എന്തായാലും വ്യാഴാഴ്ച ഡല്‍ഹിയിലെത്തിയ കുര്യന്‍ സോണിയയെ കാണാന്‍ ശ്രമം തുടരുകയാണ്.
ടെന്‍ ജനപഥുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു കുര്യന്‍. കുര്യനെതിരേ തിരക്കിട്ട് നടപടി വേണ്ടെന്നും അതല്ല, പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തണമെന്നും രണ്ട് അഭിപ്രായങ്ങള്‍ പാര്‍ട്ടിയിലുണ്ട്. പാര്‍ട്ടി ആവശ്യപ്പെടാതെ കുര്യന്‍ സ്വയം ഒഴിയട്ടെ എന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം.
ഇതു സംബന്ധിച്ച് സംസ്ഥാന നേതൃനിരയിലും അഭിപ്രായവ്യത്യാസങ്ങളുണ്ട്. കുര്യനെതിരേയുള്ള നിലപാടില്‍ കേരളത്തിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ നിര്‍ണായകമാകും. പുറമേ എല്ലാവരും കുര്യനെ പിന്തുണയ്ക്കുന്ന തീരുമാനമാണ് കൈക്കൊള്ളുന്നതെങ്കിലും പാര്‍ട്ടിക്കുള്ളില്‍ ചരടുവലികള്‍ ശക്തമാണ്.