കുമ്മനത്തിന്റെ ഉപദേശകര്‍ ഇടത് സഹയാത്രികര്‍ ? അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര നേതൃത്വം - അമിത് ഷാ കേരളത്തിലേക്ക്‌

Webdunia
ചൊവ്വ, 25 ജൂലൈ 2017 (12:01 IST)
അഴിമതി ആരോപണത്തില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന കേരളത്തിലെ ബിജെപി നേതൃത്വത്തെ ഉടച്ചുവാര്‍ക്കാനൊരുങ്ങി കേന്ദ്ര നേതൃത്വം. നിലവില്‍ ഉയര്‍ന്നുവന്നിരിക്കുന്ന എല്ലാ അഴിമതി ആരോപണങ്ങളും അന്വേഷിക്കാന്‍ കേന്ദ്ര നേതൃത്വം പ്രത്യേക സംഘത്തെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും ആ സംഘത്തില്‍ പാര്‍ട്ടിക്ക് പുറത്തുള്ളവരും ഉണ്ടായിരിക്കുമെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
 
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ഉപദേശകര്‍ക്കെതിരെയും പാര്‍ട്ടിയുടെ അന്വേഷണം ഉണ്ടായിരിക്കും. ഉപദേശകരെല്ലാം ഇടത് സഹയാത്രികരാണെന്ന പരാതിയാണ് നിലവില്‍ ഉയര്‍ന്നിരിക്കുന്നതെന്നാണ് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടാതെ ഉപദേശകര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും കുമ്മനത്തിന്റെ നടപടികള്‍ പാര്‍ട്ടി അറിയാതെയാണെന്നും പരാതിയുണ്ട്.
 
സാമ്പത്തികകാര്യങ്ങള്‍ക്കുള്ള ഉപദേശകനായി ഡോ ജി സി ഗോപാലപിളള, വികസനത്തിനും ആസൂത്രണത്തിനുമായി കെ.ആര്‍ രാധാകൃഷ്ണപിളള, മാധ്യമഉപദേശകനായി ഹരി എസ് കര്‍ത്താ എന്നിവരെയായിരുന്നു കുമ്മനം നിയോഗിച്ചത്. പാര്‍ട്ടി ആസ്ഥാനം കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനങ്ങളെല്ലാം നടക്കുന്നത്. 
 
മെഡിക്കല്‍ കോളേജ് കോഴയുള്‍പ്പെടെ ഉയരുന്ന ആരോപണങ്ങളിലെല്ലാം പ്രത്യേക അന്വേഷണവും ബിജെപി നടത്തുന്നുണ്ട്. അതോടൊപ്പം കേരളത്തിന്റെ സംഘടനാ ചുമതലയുളള ബി.എല്‍ സന്തോഷിനെ ചുമതലയില്‍ നിന്നൊഴിവാക്കുമെന്നും പുരത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗ്രൂപ്പ് നേതാവായി സന്തോഷ് പ്രവര്‍ത്തിക്കുന്നുവെന്നുള്ള പരാതി ഉയരുന്ന സാഹചര്യത്തിലാണ് ഇത്.
Next Article