കുട്ടിക്കൊമ്പന്‍ കാത്ത് നിന്നത് വെറുതെ, അമ്മ എത്തിയില്ല

Webdunia
ബുധന്‍, 25 ജനുവരി 2012 (13:26 IST)
അമ്മയോടൊപ്പം നാടുകാണാന്‍ എത്തിയതായിരുന്നു കുട്ടിക്കൊമ്പന്‍. അമ്മയ്ക്കും മറ്റ് ആനകൂട്ടത്തിനുമൊപ്പം വികൃതികാട്ടി നടന്നുവരുമ്പോള്‍ കുട്ടിക്കൊമ്പന്‍ പാറക്കൂട്ടങ്ങള്‍ക്കിടയില്‍പ്പെടുകയായിരുന്നു. ആനക്കൂട്ടം മണിക്കൂറുകളോളം ചിന്നം വിളിച്ച് കുട്ടിക്കൊമ്പനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആനക്കൂട്ടത്തിന്റെ തുടര്‍ച്ചയായുള്ള ചിന്നം വിളികള്‍ കേട്ടാണ് നാട്ടുകാര്‍ ഇക്കാര്യം ശ്രദ്ധിച്ചത്.

ആനകള്‍ നിരന്ന് നില്‍ക്കുന്നത് കണ്ട് ആളുകള്‍ അങ്ങോട്ട് ചെന്നില്ല. ദൂരെ നിന്ന് ആനക്കൂട്ടത്തിന്റെ ചെയ്തികള്‍ നോക്കിനിന്നു. മനുഷ്യ സാമീപ്യം മനസിലാക്കിയ ആനക്കൂട്ടം കുട്ടിക്കൊമ്പനെ ഉപേക്ഷിച്ച് വേദനയോടെ അവിടം വിട്ടു. ആനകള്‍ മടങ്ങിയപ്പോള്‍ ആളുകള്‍ അവിടെയെത്തി. പാറക്കൂട്ടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുന്ന കുട്ടിക്കൊമ്പനെയാണ് ആളുകള്‍ക്ക് കാണാന്‍ കഴിഞ്ഞത്.

തുടര്‍ന്ന് നാട്ടുകാര്‍ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. വനപാലകരും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം ശ്രമം നടത്തി കുട്ടിക്കൊമ്പനെ രക്ഷിച്ചു. അമ്മ വന്ന് കുട്ടികൊമ്പനെ കൂട്ടികൊണ്ട് പോകുമെന്ന പ്രതീക്ഷയില്‍ കുട്ടിക്കൊമ്പനെ തനിച്ചാക്കി നാട്ടുകാരും വനപാലകരും തിരിച്ചുപോയി.

എന്നാല്‍ ഒരുദിവസം കഴിഞ്ഞിട്ടും കുട്ടിക്കൊമ്പനെ കൂട്ടാന്‍ അമ്മ വന്നില്ല. ഒടുവില്‍ വനപാലകര്‍ എത്തി കുട്ടിക്കൊമ്പനെ കൂട്ടികൊണ്ട് പോയി. കുടിക്കാന്‍ കരിക്കിന്‍ വെള്ളവും വെറ്റിനറി ഡോക്ടറുടെ ചികിത്സയുമൊക്കെ കഴിഞ്ഞപ്പോള്‍ കുട്ടിക്കൊമ്പന്‍ ഉഷാറായി.

തുടര്‍ന്ന് വനംവകുപ്പിന്റെ ജീപ്പില്‍ കയറി കുട്ടിക്കൊമ്പന്‍ അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്കിലെ കോട്ടൂര്‍ ആനപരിപാലന കേന്ദ്രത്തിലെത്തി.