കുട്ടികളുടെ തല പൊലീസ് എണ്ണേണ്ടെന്ന് കോടതി

Webdunia
തിങ്കള്‍, 28 മാര്‍ച്ച് 2011 (13:38 IST)
PRO
സംസ്ഥാനത്തെ എയ്‌ഡഡ് സ്കൂളുകളില്‍ പൊലീസ് തലയെണ്ണല്‍ നടത്തണമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. സ്‌കൂളുകളില്‍ യഥാര്‍ത്ഥത്തില്‍ പഠനം നടത്താത്ത കുട്ടികളുടെ പേര് രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് പൊലീസ് തലയെണ്ണല്‍ നടത്തണമെന്ന് ഹൈക്കോടതി വിധിച്ചത്.

തലയെണ്ണലിന് പകരം കുട്ടികളുടെ വിരലടയാളമെടുക്കുന്നത് വേണമെങ്കില്‍ നടപ്പാക്കാമെന്ന് കോടതി വിശദീകരിച്ചു. ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സുപ്രീംകോടതി വിധി.

കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാട്ടി കൂടുതല്‍ അധ്യാപക തസ്തികകള്‍ നിലനിര്‍ത്തുന്നത് സര്‍ക്കാരിന് വന്‍സാമ്പത്തിക നഷ്‌ടമുണ്ടാക്കുമെന്ന് വിലയിരുത്തിയ ഹൈക്കോടതി ജസ്റ്റിസുമാരായ സി എന്‍ രാമചന്ദ്രന്‍ നായരും ജസ്റ്റിസ് കെ സുരേന്ദ്രമോഹനും ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടത്.

എന്നാല്‍, പൊലീസ് തലയെണ്ണാന്‍ വരുന്നത് കുട്ടികളില്‍ ഭയം ജനിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.