കുഞ്ഞാലിക്കുട്ടി തന്നെ സമീപിച്ചിരുന്നു: ജസ്റ്റിസ് നിസാര്‍

Webdunia
ശനി, 20 ഓഗസ്റ്റ് 2011 (18:26 IST)
ചില ആവശ്യങ്ങളുമായി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി തന്നെ വന്നുകണ്ടിരുന്നുവെന്ന് കാസര്‍കോട് വെടിവെയ്പ് സംഭവം അന്വേഷിച്ച ജസ്റ്റിസ് എം എ നിസാര്‍ വെളിപ്പെടുത്തി. 1999-2000 കാലത്തായിരുന്നു സന്ദര്‍ശനം. കവടിയാറിലെ വീട്ടിലാണ് കുഞ്ഞാലിക്കുട്ടി വന്നത്.

മൂന്ന് കാര്യങ്ങളാണ് കുഞ്ഞാലിക്കുട്ടി തന്നോട് ആവശ്യപ്പെട്ടത്. മുസ്ലീം ലീഗ്- സി പി എം രാഷ്ട്രീയ ബന്ധമുണ്ടാക്കുന്നതിന് ഇടനിലക്കാരനായി പ്രവര്‍ത്തിക്കണം. ഇതിനായി പാണക്കാട് തങ്ങളെ പോയി കാണണം. നിഷ്പക്ഷനായ ഒരാള്‍ വേണമെന്നതിനാലാണ് താങ്കളെ സമീപിച്ചതെന്നും പറഞ്ഞു.

കോഴിക്കോട് ജില്ലാ ജഡ്ജിയായ പത്മനാഭന്‍, സുഗതകുമാരി എന്നിവരോട് ചില കാര്യങ്ങള്‍ സംസാരിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ അത് എന്താണെന്ന് താന്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും ജസ്റ്റിസ് നിസാര്‍ കൂട്ടിച്ചേര്‍ത്തു. തന്നെ വിശ്വസിച്ച് പറഞ്ഞ കാര്യമായതിനാലാണ് അങ്ങനെ ചെയ്യുന്നത്.

ജസ്റ്റിസ് നിസാര്‍ പറഞ്ഞ കാര്യങ്ങള്‍ കെ എ റൌഫ് ശനിയാഴ്ച രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലും വെളിപ്പെടുത്തിയിരുന്നു.