കാവ്യയുടെ ഭര്‍ത്താവിന്‍റെ ഹര്‍ജി തള്ളി

Webdunia
വ്യാഴം, 21 ഒക്‌ടോബര്‍ 2010 (11:11 IST)
ഭാര്യയും നടിയുമായ കാവ്യ മാധവനുമായുള്ള സ്ത്രീധനപീഡനക്കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് നിശാല്‍ ചന്ദ്ര സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കാവ്യ മാധവനെ ഭര്‍തൃവീട്ടുകാര്‍ സ്ത്രീധനത്തിന്‍റെ പേരില്‍ പീഡിപ്പിച്ച കേസ് റദ്ദാക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചു.

ഇതിനാല്‍, ഭര്‍തൃവീട്ടുകാര്‍ക്കെതിരെ കാവ്യ മാധവന്‍ നല്കിയ ഗാര്‍ഹിക പീഡനക്കേസ് തുടരും. എന്നാല്‍, വിവാഹമോചനക്കരാര്‍ ഒപ്പിടേണ്ടതിനാല്‍ ഒരാഴ്ചത്തേക്ക് നിശാല്‍ ചന്ദ്രയെയും കുടുംബാംഗങ്ങളെയും അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, കാവ്യ മാധവനും ഭര്‍ത്താവുമായുള്ള കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ കോടതിക്കു പുറത്ത് നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ പുറത്തായത് ധാരണയ്ക്ക് തടസ്സമായെന്നാണ് പുതിയ സൂചന. ഒത്തുതീര്‍പ്പ് സംബന്ധിച്ച് തനിക്ക് ഒന്നും അറിയില്ലെന്നു കാവ്യയുടെ അഭിഭാഷകന്‍ എ വി തോമസും പറഞ്ഞിരുന്നു.

എന്നാല്‍, കാവ്യ മാധവന്‍റെ വിവാഹമോചനക്കേസ് കോടതിക്കു പുറത്ത് ഒത്തു തീര്‍പ്പാക്കുന്നതിനു തങ്ങള്‍ തയ്യാറല്ലെന്നു കാവ്യയുടെ പിതാവ് പി മാധവന്‍ പറഞ്ഞിരുന്നു. ഒത്തുതീര്‍പ്പു സംബന്ധിച്ച് ഇരു കുടുംബങ്ങളും ധാരണാപത്രത്തില്‍ ഒപ്പിട്ടുവെന്ന വാര്‍ത്തകളോട് പ്രതികരിച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.