തൃശൂര്‍ ഏങ്ങണ്ടിയൂരില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തില്‍ ഇടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. തീരദേശ ദേശീയപാതയില്‍ ആശാന്‍ റോഡരികിലുള്ള മരത്തിലിടിച്ചായിരുന്നു അപകടം. എറണാകുളം തിരുവാങ്കുളം മാമല രേണുഭവനിലെ വേണു(60), ഭാര്യ രാധ (55), മകന്‍ ഷിനു (30) എന്നിവരാണ് മരിച്ചത്. രാവിലെ 7 10നാണ് സംഭവം.
എറണാകുളത്ത് നിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. വേണു തല്‍ക്ഷണം മരിച്ചു. രാധയെയും ഷിനുവിനെയും ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും അതിനിടയില്‍ മരണം സംഭവിക്കുകയായിരുന്നു.
കാറിന്റെ ചില്ല് കുത്തിപൊട്ടിച്ചാണ് ഉള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. കാര്‍ ഓടിച്ചിരുന്നത് ഷിനുവാണ്. അച്ഛന്‍ വേണു മുന്‍ സീറ്റിലും അമ്മ രാധ പിന്‍സീറ്റിലുമായിരുന്നു. കാര്‍ മരത്തിലിടിച്ച ശബ്ദം കേട്ട് സമീപത്തുള്ള വീട്ടുകാര്‍ ഓടിയെത്തി. ഇതുവഴി കടന്നുപോയ അയ്യപ്പന്‍മാരും നാട്ടുകാരും ചേര്‍ന്ന് മൂവരെയും വാഹനത്തില്‍ നിന്ന് പുറത്തെടുക്കുകയായിരുന്നു.