ശനിയാഴ്ച അന്തരിച്ച നിയമസഭ സ്പീക്കര്‍ ജി കാര്‍ത്തികേയന് കേരളം അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു. വൈകുന്നേരം ആറരയ്ക്ക് തൈക്കാട് ശാന്തികവാടത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ആയിരിക്കും സംസ്കാരം. ശനിയാഴ്ച വൈകുന്നേരം തിരുവനന്തപുരത്ത് എത്തിച്ച കാര്‍ത്തികേയന്റെ ഭൌതികദേഹം, സ്പീക്കറുടെ ഔദ്യോഗിക വസതിയായ നീതിയില്‍ പൊതുദര്‍ശനത്തിനു വെച്ചു. രാവിലെ ഒമ്പതുമണിക്ക് നിയമസഭയില്‍ എത്തിച്ച മൃതദേഹം മെമ്പേഴ്സ് ലോഞ്ചില്‍ പൊതുദര്‍ശനത്തിനു വെച്ചു.
അതിനുശേഷം ദര്‍ബാര്‍ ഹാള്‍, കെ പി സി സി ആസ്ഥാനമായ ഇന്ദിര ഭവന്‍, ആര്യനാട് സ്കൂള്‍ എന്നിവിടങ്ങളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെയ്ക്കും. നൂണുകണക്കിന് ആളുകളാണ് കാര്‍ത്തികേയന് യാത്രാമൊഴി നല്കാന്‍ തലസ്ഥാനത്ത് എത്തിച്ചേര്‍ന്നിരിക്കുന്നത്.
ശനിയാഴ്ച ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ചേര്‍ന്ന് ഏറ്റുവാങ്ങി. പ്രത്യേകമായി അലങ്കരിച്ച കെ എസ് ആര്‍ ടി സിയുടെ വാഹനത്തിലാണ് മൃതദേഹം ‘നീതി’യിലേക്ക് കൊണ്ടുപോയത്. ശനിയാഴ്ച രാവിലെ പത്തരയോടെ ആയിരുന്നു സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അന്തരിച്ചത്.