മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ലഭിച്ച കത്ത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടേത് തന്നെ. കത്ത് ലഭിച്ചെന്ന് ഹൈക്കമാന്‍ഡ് സ്ഥിരീകരിച്ചു. ഈ കത്തിന്‍റെ ഉള്ളടക്കം പരിശോധിക്കുമെന്ന് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഇതോടെ രമേശ് ചെന്നിത്തല കൂടുതല്‍ പ്രതിരോധത്തിലായി. കത്ത് തന്‍റേതല്ലെന്നായിരുന്നു രമേശ് ചെന്നിത്തല പരസ്യമായി പ്രതികരിച്ചത്. മാത്രമല്ല, കെ പി സി സി യോഗത്തിലും ചെന്നിത്തല ഇതേ വാദമുഖം ഉന്നയിച്ചു.
എന്നാല്‍ രമേശ് ചെന്നിത്തലയുടെ ഇ-മെയിലില്‍ നിന്നാണ് കത്ത് ലഭിച്ചിരിക്കുന്നതെന്ന് ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ അറിയിച്ചതായാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിവസം വൈകുന്നേരമാണ് കത്ത് ലഭിച്ചതെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണെന്നാണ് വിവരം.
മുഖ്യമന്ത്രിയില്‍ അവിശ്വാസം രേഖപ്പെടുത്തി ആഭ്യന്തരമന്ത്രി തന്നെ കത്തയച്ചിരിക്കുന്നു എന്നത് ഗുരുതരമായ സാഹചര്യമാണെന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു. ഈ ഒറ്റക്കാരണം കൊണ്ടുതന്നെ രമേശ് ചെന്നിത്തലയുടെ രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിക്ക് കഴിയും. അത് മനസിലാക്കിയാണ് കത്ത് തന്‍റേതല്ലെന്ന് ചെന്നിത്തല പ്രതികരിച്ചതെന്നാണ് അറിയുന്നത്.
എന്നാല്‍, കത്ത് വിവാദം തനിക്കെതിരെയുള്ള ആയുധമാക്കിമാറ്റാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചാല്‍ അടങ്ങിയിരിക്കാന്‍ ചെന്നിത്തലയും തയ്യാറല്ല. സംസ്ഥാന സര്‍ക്കാര്‍ അതിന്‍റെ അവസാനനാളുകളിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തില്‍ ഏറ്റവും വലിയ നീക്കങ്ങള്‍ തന്നെ ചെന്നിത്തല നടത്തിയേക്കാം. കത്തിന്‍റെ ഉള്ളടക്കം അംഗീകരിക്കാനാവുന്നതാണെന്ന രീതിയില്‍ കെ മുരളീധരന്‍ അടക്കമുള്ള ഉന്നതനേതാക്കള്‍ പ്രതികരിച്ചത് ഈ നീക്കങ്ങളുടെ ഭാഗമാണെന്നാണ് വിലയിരുത്തല്‍.