കണ്ണൂര്‍: വോട്ടര്‍പട്ടികയിലെ ക്രമക്കേട് അന്വേഷിക്കാന്‍ നിര്‍ദ്ദേശം

Webdunia
ഞായര്‍, 26 ജൂലൈ 2009 (12:05 IST)
കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ സംസ്ഥാന ചീഫ് ഇലക്‌ടറല്‍ ഓഫീസറോട് ആവശ്യപ്പെട്ടു.

കണ്ണൂര്‍ എം പി കെ സുധാകരന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. നിലവില്‍ സ്ഥലവാസികളല്ലാത്ത ചിലര്‍ ഇവിടെ താമസിക്കുന്നെന്ന് കാണിച്ച് വോട്ടര്‍ പട്ടികയില്‍ ഇടം നേടിയെന്നാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിന് തയ്യാറാക്കിയ വോട്ടര്‍ പട്ടികയുമായി നിയമസഭാ ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയില്ല. ഇക്കാരണത്താലാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പിനായി പുതിയ വോട്ടര്‍ പട്ടിക തയ്യാറാക്കിയത്.