കണ്ണൂര്‍ വനാതിര്‍ത്തിയില്‍ ശക്തമായ മാവോയിസ്റ്റ് സാന്നിധ്യം

Webdunia
ബുധന്‍, 13 ഫെബ്രുവരി 2013 (10:45 IST)
PRO
PRO
കണ്ണൂര്‍ വനാതിര്‍ത്തിയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഘത്തില്‍ ഒരു മലയാളി ഉള്ളതായും പൊലീസ് സ്ഥിരീകരിച്ചു. സ്ത്രീയടക്കം ആറുപേരാണ് സംഘത്തിലുള്ളതെന്നും ഇവര്‍ തോക്കുധാരികളാണെന്നും വിവരമുണ്ട്. ഇതിന്റെയടിസ്ഥാനത്തില്‍ കേരളകര്‍ണാടക പൊലീസ് സംഘം വനത്തില്‍ തിരച്ചില്‍ നടത്തുകയാണ്.

കേരളകര്‍ണാടക വനാതിര്‍ത്തിഭാഗമായ മാങ്കുണ്ടി ഭാഗത്താണ് മാവോയിസ്റ്റുകളെ കണ്ടെത്തിയതായി റിപ്പോര്‍ട്ട് വന്നത്. കണ്ണൂരിലെ വനാതിര്‍ത്തി പ്രദേശമായ കാനാംവയലില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരമുള്ള മാങ്കുണ്ടിയില്‍ ഫിബ്രവരി ഒന്നിന് എസ്‌റ്റേറ്റ് ബംഗ്ലാവില്‍ ജോലിചെയ്യുന്ന മലയാളികളായ തൊഴിലാളികളുടെ മുന്നില്‍ ആറംഗസംഘം എത്തിയെന്നും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ഭക്ഷണസാധനങ്ങള്‍ ആവശ്യപ്പെട്ടെന്നുമാണ് പറയുന്നത്. തുടര്‍ന്ന് ഇവര്‍ വനത്തിലേക്ക് പോയെന്നും പറയപ്പെടുന്നു.

തുടര്‍ന്ന് നാട്ടുകാര്‍ കാനംവയലിലെത്തി നാട്ടുകാരെ വിവരം ധരിപ്പിക്കുകയായിരുന്നു. എന്നാല്‍, നാട്ടുകാര്‍ കാര്യമാക്കിയില്ല. മാവോയിസ്റ്റുകളെ പിന്തുടര്‍ന്നെത്തിയ കര്‍ണാടക പൊലീസ് സംഘം എസ്‌റ്റേറ്റ് ജീവനക്കാരുമായി സംസാരിച്ചപ്പോഴാണ് ഇവര്‍ മാവോയിസ്റ്റുകളാണെന്ന് വ്യക്തമായത്. ഇവര്‍ തേടുന്ന മാവോയിസ്റ്റ് ഭീകരരുടെ ഫോട്ടോകള്‍ തൊഴിലാളികളെ കാണിക്കുകയും, അവര്‍ തന്നെയാണ് തങ്ങളെ ഭീഷണിപ്പെടുത്തിയതെന്ന് തൊഴിലാളികള്‍ തിരിച്ചറിഞ്ഞിട്ടുമുണ്ട്. പൊലീസ് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.