കേരളത്തില്‍ വോട്ടിങ്ങ് പുരോഗമിക്കുന്നതിനിടെ കണ്ണൂര്‍ ജില്ലയിൽ കള്ളവോട്ടിന് ശ്രമം. തലശേരി മണ്ഡലത്തിലെ കതിരൂർ ഹൈസ്കൂളിലെ ഇരുപത്തിയഞ്ചാം നമ്പര്‍ ബൂത്തിൽ കള്ളവോട്ടിന് ശ്രമിച്ച ജീഷ് രാജ്(21) നെ യു ഡി എഫ് സ്ഥാനാർത്ഥി എ പി അബ്ദുല്ലക്കുട്ടി ഇടപെട്ട് പൊലീസിനു കൈമാറി.
പേരാവൂരിലെ ഇരിട്ടി ചിങ്ങാംക്കുണ്ടം ഇരുപതാം നമ്പർ ബൂത്തിൽ കള്ളവോട്ടിന് ശ്രമിച്ച സി പി എം പ്രവർത്തകനും അറസ്റ്റിലായി. വട്യറ ബൂത്തിൽ വട്യറ ബ്രാഞ്ച് സെക്രട്ടറി ഷിജു അറസ്റ്റിലായി. ബൂത്തിനകത്ത് തെരഞ്ഞെറ്റുപ്പ് ഉദ്യോഗസ്ഥരുടെ മാർഗനിർദേശങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്.
പാനൂർ മുതിയങ്ങ ശങ്കരവിലാസം സ്കൂളില്‍ പ്രസൈഡിങ് ഓഫിസറുടെ പരാതിയെ തുടർന്ന് സി പി എം പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
വോട്ടിങ്ങിനിടെ ചിലയിടങ്ങളില്‍ സംഘര്‍ഷങ്ങളും നടന്നു. ഈസ്റ്റ് കതിരൂർ യുപി സ്കൂളിലെ മുപ്പത്തിനാലാം നമ്പർ ബൂത്തിൽ കേന്ദ്രസേനാംഗങ്ങളും സി പി എം പ്രവർത്തകരും തമ്മിൽ ചെറിയ തോതില്‍ സംഘർഷം ഉണ്ടായി. ഇടതു സ്ഥാനാത്ഥി കെ കെ ശൈലജ എത്തിയാണ് പ്രശ്നം പരിഹരിച്ചത്. എന്നാല്‍ ഒരാൾ മുന്ന് തവണ വോട്ട് ചെയ്യാനെത്തിയപ്പോൾ തടഞ്ഞതാണെന്ന് കേന്ദ്രസേനാംഗങ്ങള്‍ വ്യക്തമാക്കി. പൊലീസും പോളിങ് ഉദ്യോഗസ്ഥരും സഹായിച്ചില്ലെന്ന് കേന്ദ്രസേനാംഗങ്ങൾ പരാതി ഉന്നയിച്ചു. രാവിലെ മുതൽ ഇവിടെ സംഘർഷാവസ്ഥ നിലനില്‍ക്കുന്നുണ്ടായിരുന്നു.