കര്‍ണ്ണനു പോലും അസൂയ തോന്നും വിധമാണ് മുഖ്യമന്ത്രിക്ക് കെ.കെ.രാഗേഷ് കവചം തീര്‍ത്തിരുന്നത് എന്നായിരുന്നു ദിവ്യയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. ഇക്കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നില്‍ നിന്നു വീക്ഷിച്ച എനിക്കു ഒപ്പിയെടുക്കാന്‍ സാധിച്ച അനവധി ഗുണങ്ങള്‍ ഉണ്ട്. വിശ്വസ്തതയുടെ ഒരു പാഠപുസ്തകം!, കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂട്' എന്നും ദിവ്യ കുറിച്ചു. മുഖ്യമന്ത്രിയും രാഗേഷും ഒരുമിച്ച് നില്‍ക്കുന്ന ചിത്രത്തോടൊപ്പമായിരുന്നു ദിവ്യയുടെ പോസ്റ്റ്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃശേഷിയെ പുകഴ്ത്തി ദിവ്യ പലവട്ടം സംസാരിക്കുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുകയും ചെയ്തിട്ടുണ്ട്.
അതേസമയം സൈബര്‍ ആക്രമണങ്ങള്‍ക്കിടയിലും ശക്തമായി പ്രതികരിച്ച് ദിവ്യ രംഗത്തെത്തി. സ്വന്തം അനുഭവത്തിലും കാഴ്ചപ്പാടിലും മറ്റുള്ളവരുടെ നന്മകളെ കുറിച്ച് സംസാരിച്ചതിനു കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി താന്‍ വേട്ടയാടപ്പെടുകയാണെന്ന് ദിവ്യ പറഞ്ഞു. നല്ലത് മാത്രം ചെയ്യുക, നല്ലത് പറയുക, ആരെയും അധിക്ഷേപിക്കരുത്, നമ്മള്‍ കാരണം മറ്റൊരാളും വേദനിക്കരുത് എന്നൊക്കെ പറഞ്ഞ് മനസിലാക്കി തരികയും പ്രാവര്‍ത്തികമാക്കാന്‍ പ്രചോദിപ്പിക്കുകയും ചെയ്യുന്ന പൂര്‍വ്വികരുടെ പാത പിന്തുടരുവാനാണ് താന്‍ ശ്രമിക്കുന്നതെന്നും ദിവ്യ പറഞ്ഞു.