കണ്ണൂരിലെ കല്ലേറ്: ‘പൊലീസ് വീഴ്ചക്ക് ഉത്തരവാദി താന്‍, കൂടുതല്‍ സുരക്ഷ വേണ്ട, ഒളിച്ചോടിയെന്ന ആക്ഷേപം സഹിക്കുന്നു ‘

Webdunia
ചൊവ്വ, 29 ഒക്‌ടോബര്‍ 2013 (10:04 IST)
PRO
പൊലീസിന് വീഴ്ച പറ്റിയെങ്കില്‍ ഉത്തരവാദി താനെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി. കൂടുതല്‍ സുരക്ഷ വേണ്ടെന്നും ജനങ്ങളില്‍നിന്നും അകന്നു നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറയുന്നു.

പ്രതിഷേധം പരിധി കടന്നാല്‍ പോലും നടപടി സ്വീകരിക്കരുതെന്ന് താന്‍ നിര്‍ദ്ദേശിച്ചിരുന്നു. വഴിമാറിപ്പോയപ്പോള്‍ ഒളിച്ചോടിയെന്ന് ആക്ഷേപിച്ചവരുണ്ട് അത് താന്‍ സഹിക്കുന്നു. എല്‍‌ഡി‌എഫിന് അവരുടെ പ്രവര്‍ത്തകരെക്കുറിച്ച് ആശങ്കയില്ലെങ്കിലും തനിക്കുണ്ടെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു.

ഹര്‍ത്താല്‍ അനാരോഗ്യകരമായ സമരരീതിയാണെന്നും അത് ഒഴിവാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നുണ്ടെന്നും ഹര്‍ത്താല്‍ നടത്താതെ സഹകരിച്ച് കെപിസിസി പ്രസിഡണ്ടിനോടും യു‌ഡി‌എഫ് പ്രവര്‍ത്തകരോടും നന്ദിയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കണ്ണൂരില്‍ കല്ലേറില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആശുപത്രി വിട്ടു.

രാവിലെ പരിശോധനകള്‍ക്കു ശേഷം മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചത്.

മുഖ്യമന്ത്രിക്ക് മൂന്നു ദിവസത്തേക്ക് പൂര്‍ണ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രാവിലെ ആശുപത്രിയിലെത്തിയിരുന്നു.