കണ്ണൂരിലെ ആയുധപരിശീലനകേന്ദ്രത്തില്‍ നടന്നത് കലാപത്തിനുള്ള തയ്യാറെടുപ്പ്

Webdunia
ബുധന്‍, 24 ഏപ്രില്‍ 2013 (12:44 IST)
PRO
PRO
കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധപരിശീലനകേന്ദ്രത്തില്‍ നിന്ന്‌ കസ്റ്റഡിയിലെടുത്ത 21 പേരെയും ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. പിടിയിലായവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. കലാപം ഉണ്ടാക്കാനാണ് ഇവര്‍ ആയുധപരിശീലനം നടത്തിയത് എന്നാണ് വിവരം.

പിടിയിലായവരില്‍ നിന്ന് വിദേശ കറന്‍സികളും വിദേശബന്ധം തെളിയിക്കുന്ന രേഖകളും പൊലീസ്‌ പിടിച്ചെടുത്തിട്ടുണ്ട്. കണ്ണൂര്‍ നാറാത്ത്‌ സ്‌കൂളിന്‌ സമീപമുളള ആളൊഴിഞ്ഞ കെട്ടിടത്തിലാണ്‌ രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ പൊലീസ്‌ റെയ്‌ഡ് നടത്തിയത്‌. വാളുകള്‍, ബോംബുകള്‍, വെടിവയ്ക്കാന്‍ പരിശീലിക്കുന്നതിന് എന്ന് കരുതപ്പെടുന്ന മരത്തില്‍ തീര്‍ത്ത മനുഷ്യരൂപവും നിരവധി ലഘുലേഘകളും കണ്ടെടുത്തു. സ്‌ഥാപനങ്ങളുടെയും സംഘടനകളുടെയും വ്യക്‌തികളുടെയും പേരുകള്‍ ഉള്‍പ്പെടുത്തി ഇവര്‍ തയ്യാറാക്കിയ ഹിറ്റ്ലിസ്റ്റും കണ്ടെടുത്തു.

പിടിയിലായവരില്‍ എല്ലാവരും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാണ്. കേസ്‌ ദേശീയ അന്വേഷണ ഏജന്‍സിക്ക്‌(എന്‍ഐഎ)യ്ക്ക് കൈമാറിയേക്കുമെന്നും സൂചനയുണ്ട്‌.