കൊച്ചി തുറമുഖത്തെ കണ്ടെയ്നര്‍ തൊഴിലാളികളുടെ സമരം മൂന്നാം ദിവസത്തിലേയ്ക്ക് കടന്നു. സമരം നീണ്ടു പോകുന്നത് തുറമുഖത്തിന്‍റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തിയിരിക്കുകയാണ്.
പ്രശ്നം പരിഹരിക്കുന്നതിനായി ഇന്നും ചര്‍ച്ചകള്‍ നടക്കും. സമരം മൂലം ഇതുവരെ 50 കോടിയിലധികം രൂപയുടെ നഷ്ടം ഉണ്ടായി എന്നാണ് ഏകദേശ കണക്ക്. ദിവസേന 500 കണ്ടെയ്നറുകള്‍ വന്നു പോകുന്ന തുറമുഖത്തിപ്പോള്‍ ഒന്നു പോലും അനങ്ങുന്നില്ല. സമരം മൂലം രണ്ടായിരത്തോളം കണ്ടെയ്നറുകളുടെ നീക്കമാണ് തടസ്സപ്പെട്ടിരിക്കുന്നത്.
കണ്ടെയ്നര്‍ തൊഴിലാളികളെ മര്‍ദ്ദിച്ച സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാത്ത പക്ഷം സമരവുമായി മുന്നോട്ടു പോകുമെന്നാണ് തൊഴിലാളികളുടെ നിലപാട്. പ്രശ്നം പരിഹരിക്കാന്‍ കേന്ദ്ര റീജ്യണല്‍ ലേബര്‍ കമ്മിഷണറുടെ നേതൃത്വത്തില്‍ ബുധനാഴ്ച നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു.
ഇതേ തുടര്‍ന്ന് സമരവുമായി മുന്നോട്ടു പോകാന്‍ തൊഴിലാളി യൂണിയനുകള്‍ തീരുമാനിക്കുകയായിരുന്നു.