കടല്‍ക്കൊല: അന്വേഷണത്തില്‍ ഇറ്റലി ഇടങ്കോലിടുമെന്ന് എന്‍ഐഎ

Webdunia
തിങ്കള്‍, 6 മെയ് 2013 (10:43 IST)
PTI
PTI
ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കടല്‍ കൊലക്കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി നിയമോപദേശം തേടി. സുപ്രീംകോടതി ഉത്തരവിലെ അവ്യക്തത അന്വേഷണത്തിന് തടസം സൃഷ്ടിക്കും എന്ന് കാണിച്ചാണിത്. സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി അന്വേഷണം വഴിമുടക്കാന്‍ ഇറ്റലിക്ക് സാധിക്കുമെന്നാണ് എന്‍ഐഎ ചൂണ്ടിക്കാട്ടുന്നു.

കടല്‍ക്കൊല കേസില്‍ എന്‍ഐഎ നടത്തുന്ന അന്വേഷണം ഇറ്റലിക്ക് വേണമെങ്കില്‍ ചോദ്യം ചെയ്യാമെന്ന് സുപ്രീംകോടതി ഉത്തരവില്‍ പറയുന്നുണ്ട്. കേസ് എന്‍ഐഎ തന്നെ അന്വേഷിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുമില്ല. ഈ സാഹചര്യത്തില്‍ ഇറ്റലി ഇടങ്കോലിടാന്‍ സാധ്യത ഏറെയാണ്. ഇതാണ് എന്‍ഐഎയുടെ മനം‌മടുപ്പിക്കുന്നതും.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമാണ് രണ്ട് ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ എന്‍ഐഎ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. നിലവിലെ അവ്യക്തത നീങ്ങിയശേഷം അന്വേഷണത്തിലേക്ക് കടന്നാല്‍ മതിയെന്നാണ് എന്‍ഐഎ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.