കൊല്ലത്ത് നീണ്ടകരയില്‍ ഇറ്റാലിയന്‍ നാവികര്‍ നടത്തിയ വെടിവയ്പ്പില്‍ മരിച്ച മത്സ്യത്തൊഴിലാളി അജീഷ് പിങ്കുവിന്റെ കുടുംബത്തിന് കേരള സര്‍ക്കാര്‍ ധനസഹായം നല്‍കിയില്ലെന്ന് പരാതി. തമിഴ്‌നാട് പ്രഖ്യാപിച്ച അഞ്ച് ലക്ഷം നല്‍കി, എന്നാല്‍ കേരളം പ്രഖ്യാപനം മാത്രമാണ് നടത്തിയതെന്നും അജീഷിന്റെ ബന്ധുക്കള്‍ പറഞ്ഞു.
മലയാളിയെന്ന പരിഗണനയില്‍ വെടിവയ്പ്പില്‍ മരിച്ച ജലസ്റ്റിന്‍റെ കുടുംബത്തിലെ ഒരാള്‍ക്കു കേരള ഫിഷറീസ് വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്തുവെന്നും താമസം തമിഴ്‌നാട്ടില്‍ ആയതിനാല്‍ തങ്ങള്‍ക്ക് അതും നിഷേധിക്കപ്പെട്ടെന്നും അവര്‍ പറയുന്നു.
സംഭവം നടന്നത് കേരള അതിര്‍ത്തിയില്‍ വച്ചാണ്. മരിച്ച അജീഷിന് രണ്ട് സഹോദരിമാര്‍ മാത്രമാണുള്ളത്. അവരുടെ മാതാപിതാക്കള്‍ നേരത്തെ തന്നെ മരണമടഞ്ഞിരുന്നു. അതിനാല്‍ കേരള സര്‍ക്കാര്‍ കുടുംബത്തെ സംരക്ഷിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ഭാഷാ അടിസ്ഥാനത്തില്‍ രണ്ടായി കാണരുതെന്നും ഇവര്‍ പറയുന്നു.
അതേസമയം, അജീഷിന്‍റെ കുടുംബത്തെ സഹായിക്കേണ്ടതും ജോലി നല്‍കേണ്ടതും തമിഴ്നാട് സര്‍ക്കാരാണെന്ന് ലത്തീന്‍ കത്തോലിക്ക സഭാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് സൂസെപാക്യം പറഞ്ഞു.