മൊബൈൽ കട ഉടമയെ പരിചയമുണ്ടെന്ന് ജീവനക്കാരിയെ വിശ്വസിപ്പിച്ച വിരുതൻ പന്ത്രണ്ടായിരം രൂപ കടയിൽ നിന്ന് തട്ടിയെടുത്തു. കഴിഞ്ഞ ദിവസം ആറ്റിങ്ങൽ മുനിസിപ്പൽ ബസ് സ്റ്റേഷന് സമീപമത്തെ കടയിൽ നിന്നാണ് യുവാവ് പണം തട്ടിയെടുത്തത്.
ആകാശ് മൊബൈൽ ഷോപ്പുടമ അവനവഞ്ചേരി സ്വദേശി ഷാജി നിവാസി ഷാജിയുടെ കടയിൽ നിന്നാണ് യുവാവ് പണം തട്ടിയെടുത്തത്. ഇയാളുടെ സി സി ടി വി ദൃശ്യം ലഭിച്ചിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ട് ഫോണിൽ സംസാരിച്ചുകൊണ്ട് ഒരു യുവാവ് കടയ്ക്കുള്ളിൽ കടന്നുവന്നു. ഫോണിൽ കടയുടമ ഷാജിയാണെന്നും ഇൻഷ്വറൻസിനു അടയ്ക്കാനായി പന്ത്രണ്ടായിരം രൂപാ തരാൻ പറഞ്ഞെന്നും യുവാവ് കടയിലെ സെയിൽസ് ഗേളിനോട് പറഞ്ഞു. സംശയ നിവൃത്തിക്കായി ഫോൺ യുവതിക്ക് കൈമാറിയെങ്കിലും സംസാരിക്കുന്നതിനു മുമ്പ് തന്നെ യുവാവ് ഒരത്യാവശ്യ കാര്യം ഷാജിയോട് പറയാനുണ്ടെന്ന് പറഞ്ഞ വീണ്ടും സംസാരം തുടർന്ന്.
അടുത്ത പരിചയക്കാരനാണെന്ന് വിശ്വസിപ്പിക്കുന്ന രീതിയിലുള്ള ഈ സംഭാഷണം കേട്ട് വിശ്വസിച്ച യുവതി പണം നൽകുകയും ചെയ്തു. പിന്നീട് കടയുടമ വന്നപ്പോഴാണ് തട്ടിപ്പ് മനസിലായത്. സമാനമായ രീതിയിൽ രണ്ട് ദിവസം മുമ്പ് പാലസ് റോഡിലെ ഒരു സ്ഥാപനത്തിൽ നിന്ന് ഇരുപത്തയ്യായിരം രൂപ തട്ടിയെടുത്തതായും പോലീസ് കണ്ടെത്തി. ആറ്റിങ്ങൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.