കഞ്ചാവ് നാക്കില്‍ തേച്ചിട്ടാണ് ന്യൂജനറേഷന്‍ സിനിമയെടുക്കുന്നത്; ആഞ്ഞടിച്ച് ഗണേഷ് കുമാര്‍

Webdunia
ശനി, 7 ഫെബ്രുവരി 2015 (11:43 IST)
ന്യൂ ജനറേഷന്‍ സിനിമാക്കാര്‍ക്കെതിരെ നടനും എം എല്‍ എയുമായ കെ ബി ഗണേഷ് കുമാര്‍. പ്രധാനമായും ന്യൂ ജനറേഷന്‍ സിനിമ സംവിധായകര്‍ക്ക് എതിരെയായിരുന്നു ഗണേഷ് കുമാറിന്റെ പരാമര്‍ശം. കൊട്ടാരക്കരയില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഗണേഷ് കുമാര്‍.
 
ന്യൂ ജനറേഷന്‍ സിനിമാസംവിധായകര്‍ കഞ്ചാവ് നാക്കില്‍ തേച്ചിട്ട് സിനിമ എടുക്കുന്നവര്‍ ആണെന്നായിരുന്നു ഗണേഷ് കുമാറിന്റെ പരാമര്‍ശം. ഇടുക്കിയിലെ കഞ്ചാവിന് ഇടുക്കി ഗോള്‍ഡ് എന്ന പേരു നല്കി ഇടുക്കിക്കാരെ കാണിക്കുന്ന ലജ്ജയില്ലാത്ത തരത്തിലേക്ക് മലയാളസിനിമ താഴ്ന്നു.
 
മലയാളത്തിലെ ന്യൂ ജനറേഷന്‍ സിനിമാക്കാര്‍ കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന് ശ്രീനിവാസന്‍ പറഞ്ഞിരുന്നു. ശ്രീനിവാസന്‍ അങ്ങനെ പറഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇതിന് തെളിവു ലഭിച്ചെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഇത് ആദ്യമായാണ് കൊക്കെയ്ന്‍ കേസ് ഉണ്ടായതിനു ശേഷം ന്യൂ ജനറേഷന്‍ സിനിമാക്കാര്‍ക്ക് എതിരെ സിനിമാരംഗത്തു നിന്നുള്ള ഒരാള്‍ രംഗത്തെത്തുന്നത്. 
 
നേരത്തെ, നടന്‍ ശ്രീനിവാസനും ന്യൂ ജനറേഷന്‍ സിനിമാക്കാര്‍ക്ക് എതിരെ രംഗത്തെത്തിയിരുന്നു. കഞ്ചാവടിച്ച് സിനിമയെടുക്കുന്നവരെ പൊലീസ് അറസ്റ്റു ചെയ്യണമെന്ന് ശ്രീനിവാസന്‍ ആവശ്യപ്പെട്ടിരുന്നു. കഞ്ചാവ് അടിച്ചാല്‍ ബുദ്ധിജീവിയാകുമെന്നാണ് പലരുടെയും ധാരണ. ബുദ്ധിയില്ലാത്തവര്‍ എന്ത് അടിച്ചിട്ടും കാര്യമില്ല.
മലയാളസിനിമ തുലയ്ക്കാന്‍ വന്നവരാണ് ഇക്കൂട്ടരെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.