ഓണക്കാലത്ത്‌ വില കൂടാന്‍ അനുവദിക്കില്ല: ജേക്കബ്

Webdunia
ശനി, 27 ഓഗസ്റ്റ് 2011 (13:04 IST)
ഓണക്കാലത്ത്‌ വിപണിയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കൂടാന്‍ അനുവദിക്കില്ലെന്ന് ഭക്‍ഷ്യമന്ത്രി ടി എം ജേക്കബ്‌. റേഷന്‍കടകളുടെ മുന്നില്‍ എ പി എല്‍ - ബി പി എല്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്നും ജേക്കബ് പറഞ്ഞു.

പാവപ്പെട്ടവര്‍ക്ക്‌ ഒരു രൂപയ്ക്ക് അരി നല്‍കുന്ന ‘ദാരിദ്ര്യവിമുക്തകേരളം’ പദ്ധതിക്ക് തുടക്കമിടുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. യു ഡി എഫിന്‍റെ മുഖ്യ തെരഞ്ഞെടുപ്പ്‌ വാഗ്ദാനമായിരുന്നു ‘ദാരിദ്ര്യവിമുക്തകേരളം’ പദ്ധതി. കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്‍റണിയാണ്‌ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്‌.

സംസ്ഥാന സര്‍ക്കാരിന്‍റെ പല പ്രഖ്യാപനങ്ങളും ജനങ്ങളില്‍ എത്തുന്നില്ലെന്ന് ആന്‍റണി പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ വിലയിരുത്തി. ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങള്‍ സര്‍ക്കാര്‍ അതിവേഗം നടപ്പാക്കുകയാണ് വേണ്ടതെന്ന് ആന്‍റണി അഭിപ്രായപ്പെട്ടു.

സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ നടപ്പാക്കിക്കിട്ടാനായി ജനങ്ങള്‍ കൈമടക്ക്‌ കൊടുക്കേണ്ടി വരുന്ന സാഹചര്യമാണ്‌ ഇപ്പോഴുള്ളത്. ഇതിലുള്ള രോഷം ഇപ്പോള്‍ ജനങ്ങള്‍ പല രീതിയില്‍ പ്രകടമാക്കുകയാണെന്നും ആന്‍റണി പറഞ്ഞു.