ഓണം: അംഗീകൃത ഉത്പന്നങ്ങള്‍ ഉപയോഗിക്കണം

Webdunia
ഓണക്കാലത്ത് മായം കലര്‍ന്ന ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ്‌ ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു. അംഗീകൃത കമ്പനികളുടെ ഭക്‍ഷ്യ ഉത്പന്നങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂവെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു.

ഓണത്തോടനുബന്ധിച്ച്‌ സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും മായം കലര്‍ന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വില്‍പനക്ക്‌ എത്താനുള്ള സാധ്യത കണക്കിലെടുത്താണ്‌ ഈ മുന്നറിയിപ്പ്‌. കൃത്രിമ നിറം കലര്‍ത്തി വില്‍ക്കുന്ന മധുര പലഹാരങ്ങളും ബേക്കറി സാധനങ്ങളും ധാന്യങ്ങളും മറ്റ്‌ ഭക്‍ഷ്യോത്പന്നങ്ങളും ഉപയോഗിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.

അംഗീകൃത കമ്പനികളുടെ പായ്ക്ക്‌ ചെയ്ത ഭക്‍ഷ്യോത്പന്നങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച്‌ മണവും രുചിയും വര്‍ദ്ധിപ്പിച്ച ഭക്ഷണ സാധനങ്ങളും വൃത്തിയില്ലാത്ത ഹോട്ടലുകളിലെ ഭക്ഷണവും ഉപയോഗിക്കരുത്‌. വ്യാജമദ്യ വിപണന കേന്ദ്രങ്ങളില്‍ നിന്നുള്ള മദ്യം വാങ്ങി ഉപയോഗിക്കരുത്‌.

കുടിയ്ക്കാനും ഭക്ഷണം പാകം ചെയ്യാനും പാത്രം കഴുകാനും ശുദ്ധജലം മാത്രം ഉപയോഗിക്കണം. പരിസര ശുചിത്വം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.