ഓംപ്രകാശിന്‌ മൂന്നര വര്‍ഷം കഠിനതടവ്‌

Webdunia
ശനി, 16 ജനുവരി 2010 (18:09 IST)
PRO
പോള്‍ വധക്കേസ് പ്രതിയായ ഓം‌പ്രകാശിന് മറ്റൊരു കേസില്‍ മൂന്നരവര്‍ഷം കഠിനതടവും പിഴ ശിക്ഷയും. കുറുമണ്ടല്‍ സ്വദേശി അക്ഷരദാസിനെ വെട്ട് പരിക്കേല്‍പ്പിച്ച കേസിലാണ് പറവൂര്‍ മുനിസിഫ്‌ കോടതി ഓം‌പ്രകാശിനെ ശിക്ഷിച്ചത്.

2002 ഡിസംബര്‍ 22-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അക്ഷരദാസിന്റെ വീടിന്റെ പരിസരത്തുവച്ചാണ് ഓംപ്രകാശും സംഘവും ആക്രമണം നടത്തിയത്‌. കാലിന് ഗുരുതരമായി പരിക്കേറ്റ അക്ഷരദാസ് പൊലീസില്‍ പരാതിപ്പെട്ടെങ്കിലും ഓംപ്രകാശ്‌ എന്ന പേരില്‍ മറ്റൊരു യുവാവിനെയാണ്‌ അറസ്റ്റു ചെയ്തത്‌.

ആള്‍‌മാറാട്ടം തിരിച്ചറിഞ്ഞ കോടതി പൊലീസിനെ വിമര്‍ശിച്ചെങ്കിലും ഓം‌പ്രകാശ് എന്ന് പേരുള്ള യഥാര്‍ത്ഥ പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നാണ് പൊലീസ് കോടതിയില്‍ പറഞ്ഞത്. പൊലീസും ഓം‌പ്രകാശും തമ്മിലുള്ള കള്ളക്കളിയാണിതെന്ന് അന്നേ ആരോപണം ഉണ്ടായിരുന്നു.

ഐപിസി മുന്നൂറ്റിയിരുപത്തിയാറാം വകുപ്പുപ്രകാരം രണ്ട്‌ വര്‍ഷം കഠിനതടവും 10, 000 രൂപ പിഴയും ഒടുക്കണം. പിഴ ഒടുക്കിയില്ലെങ്കില്‍ ആറുമാസം കൂടി തടവുശിക്ഷ അനുഭവിക്കണം. മുന്നൂറ്റിയിരുപത്തിനാലാം വകുപ്പുപ്രകാരം ഒരുവര്‍ഷം കഠിനതവും 5,000 രൂപയും പിഴ ഒടുക്കണം. പിഴ ഒടുക്കിയില്ലെങ്കില്‍ മൂന്നുമാസം കൂടി തടവുശിക്ഷ അനുഭവിക്കണം. 323-ാ‍ം വകുപ്പുപ്രകാരം ആറുമാസം കഠിനതടവും 10,000 രൂപയുമാണ്‌ ശിക്ഷ. പിഴ ഒടുക്കിയില്ലെങ്കില്‍ മൂന്നുമാസത്തെ തടവുകൂടി അനുഭവിക്കണം.

പറവൂര്‍ മുനിസിഫ്‌ മജിസ്ട്രേറ്റ്‌ ഡി സുധീറാണ് വിധി പ്രസ്താവിച്ചത്‌.