നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന എരിയ്ക്കാവ് ഭൂതംകാട്ടില് ശങ്കര്രാജാ (21) പൊലീസ് പിടിയില്‍. ആയുധങ്ങള്‍ കാണിച്ച് പൊതുജനങ്ങളെ ഭീഷണിപ്പെടുത്തുകയും കുത്തിപരിക്കേല്‍പ്പിക്കുകയും വീടുകയറി അക്രമിക്കുകയും ചെയ്ത അഞ്ചോളം കേസിലെ പ്രതിയാണ് ഇയാള്‍.
2009-10 കാലഘട്ടം മുതലുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയായി പോലീസിന് പിടികൊടുക്കാതെ മുംബൈയിലും മറ്റ് സ്ഥലങ്ങളിലുമായി കറങ്ങി നടക്കുകയും ഇടയ്ക്കിടെ നാട്ടില്‍ വരുന്നതും പതിവായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ഹരിപ്പാട് പോലീസ് സ്റ്റേഷനിലെ ശ്രീകാന്ത് എന്ന പോലീസ് കാരനും ബന്ധുവുമായുള്ള വസ്തു തര്‍ക്കത്തില്‍ ബന്ധുവിന്റെ വീട്ടില്‍ കയറി അക്രമം നടത്തിയ കേസില്‍ രണ്ടാം പ്രതിയായിരുന്നു ശങ്കര്‍രാജ്. ഒന്നാംപ്രതിയായ പോലീസുകാരന് നേരത്തെ കോടതിയില്‍നിന്നു ജാമ്യം സമ്പാദിച്ചിരുന്നു.
എരിയ്ക്കാവിലെ വീടിന് സമീപമുള്ള ക്ഷേത്രപരിസരത്തുനിന്നും വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് ഹരിപ്പാട് പൊലീസ് പ്രതിയെ പിടികൂടിയത്. ഹരിപ്പാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.