നടിയെ ആക്രമിച്ച സംഭവത്തില്‍ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി പള്‍സര്‍ സുനിയെന്ന സുനില്‍ കുമാറിനായി വാദിക്കുന്നത് അഡ്വക്കേറ്റ് ബി എ ആളൂര്‍ ആണ്. സുനിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ മൂന്ന് പ്രാവശ്യം കോടതി പരിഗണിച്ചപ്പോഴും ആളൂര്‍ കോടതിയില്‍ എത്തിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് ജാമ്യാപേക്ഷയിലുള്ള വാദം കേള്‍ക്കല്‍ മൂന്നു തവണയും മാറ്റിവെച്ചിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സുനിയുടെ ജാമ്യാപേക്ഷ ആദ്യം പരിഗണിക്കേണ്ടിയിരുന്നത്. അന്ന് ആളൂർ ഹാജരായില്ല, തുടര്‍ന്ന് കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റിവെച്ചു. വെള്ളിയാഴ്ചയും ആളൂർ കോടതിയിൽ ഹാജരായില്ല. തുടർന്ന് തിങ്കളാഴ്ചത്തേക്ക് മാറ്റിയെങ്കിലും, അന്നും ആളൂർ കോടതിയിലെത്തിയില്ല. ഒടുവില്‍ ചൊവ്വാഴ്ചയാണ് ആളൂര്‍ കോടതിയില്‍ ഹാജരായത്.
കേസ് വാദിക്കാന്‍ ആളൂര്‍ കൂടുതല്‍ സമയമെടുത്തപ്പോള്‍ പ്രോസിക്യൂഷന്‍ ഇടപെട്ടു. ഒടുവില്‍ പ്രോസിക്യൂഷന് വാദിക്കാന്‍ അനുവാദം നല്‍കിയ കോടതിയുടെ നടപടിയെ ആളൂര്‍ ചോദ്യം ചെയ്യുകയും ചെയ്തു. കൂടുതൽ കേസുകൾ പരിഗണിക്കാനുണ്ടെന്ന് പറഞ്ഞാണ് മജിസ്ട്രേറ്റ് പ്രോസിക്യൂഷന് വാദിക്കാൻ സമയം നൽകിയത്. എന്നാൽ കഴിഞ്ഞ മൂന്നു ദിവസം താൻ നൽകിയില്ലേ എന്നും, അന്നു കേസുകൾ പരിഗണിക്കാമായിരുന്നില്ലേ എന്നുമാണ് ആളൂർ കോടതിയോട് ചോദിച്ചത്.